Connect with us

Wayanad

രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റാഫ് നഴ്‌സ് തസ്തിക:ആവശ്യം കടലാസിലൊതുങ്ങുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിച്ചുള്ള സ്ഥിരം നിയമനം നടത്തണമെന്ന ആവശ്യം കടലാസിലൊതുങ്ങുന്നു. തസ്തികള്‍ ഒഴിഞ്ഞ് കിടക്കുന്നത് ആരോഗ്യ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 274 ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനാവശ്യമുള്ള തസ്തികള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. കല്‍പ്പറ ജനറല്‍ ആശുപത്രിയിലാകട്ടെ കിടക്കകളുടെ എണ്ണം 43 നിന്ന് 250 ആക്കി ഉയര്‍ത്തിയിട്ടും ഇവിടേയും വര്‍ഷങ്ങളേറെയായി. ഇവിടെ കെട്ടിടം പണി കഴിഞ്ഞ് നോക്കി കുത്തിപോലെ നില്‍ക്കാന്‍ തുടങ്ങിയിട്ടും ഇതുവരെയായും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. രണ്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ബത്തേരി താലൂക്ക് ആശുപത്രിയിലാകട്ടെ 57 നിന്നും 120 ആക്കി ഉയര്‍ത്തുന്നതിനും തസ്തിക സൃഷ്ടിക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിലേക്ക് അയച്ചെങ്കിലും ഇത് അംഗീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജില്ലയിലെ പല പ്രാഥമിക ആരോഗ്യകേന്ദ്രത്തേയും സിഎച്ച്‌സി ആയി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിയുന്നില്ല.
ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം തിരിച്ചയക്കുകയായിരുന്നു. ഇവിടങ്ങളിലെല്ലാം നിലവിലുള്ള ജീവനക്കാരെക്കൊണ്ട് ഇരട്ടി ജോലിയെടുപ്പിച്ചോ, താത്കാലിക ജീവനക്കാരെ നിയമിച്ചോ ആണ് പ്രവര്‍ത്തിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടാല്‍ ഇവിടങ്ങളിലെ പ്രവര്‍ത്തനം അവതാളത്തിലാകും. പുതിയ യൂണിറ്റുകള്‍ പലതും തുറക്കുന്നുണ്ടെങ്കിലും അവിടങ്ങളുലൊന്നും സ്ഥിരം ജീവനക്കാരുടെ തസ്തിക സൃഷിടിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തീക പ്രയാസം കാരണം ഒരു കോടിയില്‍ പരം രൂപ ചിലവിട്ട് വരുന്ന പദ്ധതികള്‍ ഒന്നും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും ആയതിനാല്‍ തസ്തികള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നില്ലെന്ന നിലപാടാണ് ഉള്ളത്.
ഇത് സംബന്ധിച്ച് ജില്ലയുടെ മന്ത്രികൂടിയായ പി കെ ജയലക്ഷ്മിക്ക് സ്റ്റാഫ് നേഴ്‌സസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും മന്ത്രി സഭയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇത് പാഴ്‌വാക്കായി മാറുകയായിരുന്നു.
സാമ്പത്തീക ബാധ്യതയുടെ പേര് പറഞ്ഞ് ജില്ലയില്‍ തസ്തികള്‍ അനുവദിക്കാത്ത ധനവകുപ്പ് മറ്റ് പല ജില്ലകളിലും അവിടങ്ങളിലെ ജനപ്രതിനിധികളുടെ സമര്‍ദ്ദത്തിന് വഴങ്ങി തസ്തികള്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികള്‍ ഈ വിഷയം സര്‍ക്കാരിനേറയും മന്ത്രി സഭയുടേയും ശ്രദ്ധയില്‍ അടിയന്തിരമായി കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരണമെന്ന് സ്റ്റാഫ് നേഴ്‌സസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.