Connect with us

Wayanad

പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത: കര്‍ലാട് ടൂറിസം കേന്ദ്രത്തില്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം

Published

|

Last Updated

കല്‍പ്പറ്റ: പ്രതിവര്‍ഷ വരവ് ശരാശരി രണ്ടുലക്ഷം രൂപ, പ്രതിവര്‍ഷ ചെലവ് 13 ലക്ഷം രൂപ. ഇതാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഡി.ടി.പി.സിയുടെ കീഴിലുള്ള കര്‍ലാട് ടൂറിസ്സം കേന്ദ്രമാണ് ഓരോ വര്‍ഷവും നഷ്ടങ്ങളുടെ കണക്ക് മാത്രം രേഖപ്പെടുത്തുന്നത്. നേരത്തെ നവീകരിച്ച പദ്ധതികളെല്ലാം നടത്തിപ്പിന്റെ കെടുകാര്യസ്ഥതമൂലം നശിക്കുകയും, പുതുതായി അനുവദിച്ച പദ്ധതികള്‍ ശരിയായ രീതിയില്‍ നടപ്പാക്കാത്തതുമാണ് വിനോദ സഞ്ചാരികള്‍ക്ക് നിരാശമാത്രം നല്‍കുന്നത്. കര്‍ലാട് ഏറ്റവുമൊടുവിലായി അനുവദിച്ച 37 ലക്ഷം രൂപയുടെ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയും ഇതുവരെയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലയില്‍ പൂര്‍ണ്ണമായും ഡി.ടി.പി.സിയുടെ കൈവശഭൂമിയിലുള്ള ഏക ടൂറിസ്സം കേന്ദ്രമാണ് കര്‍ലാടിലുള്ളത്. 12 ഏക്കര്‍ ഭൂമിയാണ് പ്രദേശത്ത് ടൂറിസ്സം വികസനത്തിനായി തരിയോട് പഞ്ചായത്ത് കൈമാറിയത്. 2003ല്‍ പദ്ധതി തുടങ്ങിയെങ്കിലും 2009ലാണ് പൈതൃക ഗ്രാമങ്ങളുള്‍പ്പടെ നിര്‍മ്മിച്ച് നവീകരിച്ചത്. എന്നാല്‍ ഇന്നുവരെയും സര്‍ക്കാര്‍ ചെലവഴിച്ച കോടികളിലേക്ക് ഒരുരൂപാപോലും വരവ് വെയ്ക്കാന്‍ ഈ കേന്ദ്രത്തിനായില്ലെന്ന് മാത്രമല്ല പ്രതിവര്‍ഷം ജീവനക്കാരുടെ ശമ്പളത്തിലൂടെ മാത്രം പത്തുലക്ഷത്തിലധികം രൂപ നഷ്ടത്തിലുമാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആറോളം താല്‍ക്കാലിക ജീവനക്കാരുള്‍പ്പടെ ഒമ്പതുപേരാണ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസിടാക്കുന്നില്ല. ബോട്ടിംഗ് ചാര്‍ജ്ജും, ക്യാമറ ഫീസും മാത്രമാണ് വരുമാനം. ഒരു ടൂറിസ്റ്റ് ബസ്സുവന്നാല്‍ ബസ്സിലെ മുഴുവന്‍ പേര്‍ക്കും യാത്ര ചെയ്യാനുള്ള ബോട്ടുകള്‍ കേന്ദ്രത്തിലില്ല. ഏഴുസീറ്റുള്ള ഒരു ബോട്ടും, നാലുസീറ്റുള്ള രണ്ട് റോബോട്ടുകളും മാത്രമാണ് കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിലെ പൂന്തോട്ടങ്ങളും, ഇരിപ്പിടങ്ങളും ഒന്നുംതന്നെ നവീകരിച്ചിട്ടില്ല. നടപ്പാതകളിലൂടെ നടക്കുമ്പോള്‍ കാല്‍ തെന്നുന്നതുമൂലം മഴപെയ്താല്‍ നടക്കാനും കഴിയില്ല. പ്രാഥമിക സൗകര്യങ്ങള്‍ക്കായി ടോയ്‌ലറ്റുകളുമില്ല. ഇങ്ങനെയുള്ള പരാധീനതകള്‍ നിരവധി തവണ ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ ഭരണാധികാരിക്ക് മുമ്പില്‍ നിരത്തുന്നുണ്ടെങ്കിലും പരിഹാരപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയാണ്.
ഇതിനിടെ ജില്ലാ പഞ്ചായത്തനുവദിച്ച 20 ലക്ഷം രൂപയുടെ ബി.ആര്‍.ജി.എഫ് ഫണ്ട് കരാര്‍ നല്‍കാതെ ലാപ്‌സാവുകയും ചെയ്തു. നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിച്ച ജോലികളെല്ലാം തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലുമാണ്. ഏറ്റവുമൊടുവിലായി അഡ്വഞ്ചര്‍ ടൂറിസത്തിനായി 37 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തത് ഒഴിച്ചുള്ള പുരോഗതികളുണ്ടായിട്ടില്ല. റോപ്‌വേ, ആര്‍ച്ചറി, എയര്‍ബോള്‍ എന്നിവയാണ് ഇതിലൂടെ കേന്ദ്രത്തിലെക്കുന്നത്. ഈ മഴക്കാലത്ത് ജോലി പൂര്‍ത്തിയാക്കിയാല്‍ അടുത്ത സീസണില്‍ വരുമാനമുണ്ടാക്കാന്‍ കഴിയുമെങ്കിലും ഡി.ടി.പി.സിയുടെ അലംഭാവം ഇതിനും തടസ്സമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Latest