Connect with us

Kozhikode

കോരങ്ങാട് ജി എല്‍ പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

Published

|

Last Updated

താമരശ്ശേരി: ആഴ്ചകള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍. കോരങ്ങാട് ജി എല്‍ പി സ്‌കൂളിന്റെ ഓടിട്ട കെട്ടിടമാണ് നിലംപൊത്താറായിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് എസ് എസ് എയുടെ 3.88 ലക്ഷം രൂപ ചെലവഴിച്ച് മേല്‍ക്കൂര മാറ്റിസ്ഥാപിക്കുകയും ഗ്രില്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഓടിട്ട മേല്‍ക്കൂര ചിതലരിച്ച് നശിച്ചതിനാല്‍ മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. മേല്‍ക്കൂരയുടെ ഉയരം വര്‍ധിപ്പിച്ച് നെറ്റ് സ്ഥാപിക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ മേല്‍ക്കൂര പൊളിച്ചുനീക്കി പഴയ മരങ്ങള്‍ തന്നെ ഉപയോഗിച്ച് പ്രവൃത്തി നടത്തിയതായി നാട്ടുകാര്‍ ആരോപിച്ചു.
മേല്‍ക്കൂര സ്ഥിതിചെയ്യുന്ന ഭിത്തികള്‍ മിക്കയിടങ്ങളിലും പൊട്ടിയ നിലയിലാണ്. മേല്‍ക്കൂരയിലെ വിള്ളലുകള്‍ ചെറിയ പട്ടികകള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തിയെങ്കിലും നിലംപതിക്കുമെന്നായപ്പോള്‍ ഇരുമ്പ് പൈപ്പുകളും മറ്റും ഉപയോഗിച്ച് താങ്ങി നിര്‍ത്തിയിരിക്കുകയാണ്.
ഇന്നലെ രാവിലെ ക്ലാസ് മുറികളില്‍ തൂണുകള്‍ സ്ഥാപിച്ച് തടിയെടുക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമം സംഘടിച്ചെത്തിയ നാട്ടുകാര്‍ തടഞ്ഞു. ഏത് നിമിഷവും നിലം പൊത്തിയേക്കാവുന്ന കെട്ടിടത്തില്‍ പഠനം തുടരാന്‍ അനുവദിക്കില്ലെന്നും നിര്‍മാണത്തില്‍ കൃത്രിമം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രവൃത്തിയുടെ കരാര്‍ എടുത്തയാള്‍ പിന്‍മാറിയതിനാല്‍ പി ടി എ നേരിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്തിച്ചതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ തൂണ് സ്ഥാപിക്കാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
നൂറില്‍പരം വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അതേ കെട്ടിടത്തില്‍ ക്ലാസ് നടത്തിയത് പ്രധാനാധ്യാപകന്റെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.