Connect with us

Articles

കാമനയുടെ വസന്തകാലം

Published

|

Last Updated

ഒര്‍ട്ടേഗ… മിഥുനം മുറിഞ്ഞുവീഴുന്ന/ഒരു രാത്രിയിലായിരുന്നു/ആദ്യമായി നിന്നെ കണ്ടത്./ ജൂണിലെ പതിനാലാമത് രാത്രിയില്‍/ടുളൂസിലെ പച്ചപ്പിലൊരു മൂലയില്‍…/ നിനക്ക് നീട്ടിയ സ്വര്‍ണമുടിയോ/ചിത്രത്തലയോ/കാമുകിയോ ഇല്ലായിരുന്നു./നീ കറുപ്പോ വെളുപ്പോ അല്ലായിരുന്നു/പക്ഷെ നിനക്കുമുണ്ടായിരുന്നു/പുല്‍ക്കൊടികളെ തീപിടിപ്പിച്ച/ ഗന്ധകം നിറച്ച കാലുകള്‍…”
-അയ്യപ്പപ്പണിക്കര്‍
പ്രണയം പോലെ ത്രീവമാണ് ഫുട്‌ബോള്‍. അന്ധമായ വികാരമാണത്. ഭാവതീവ്രമായ ജീവിത നിമിഷങ്ങളുടെ ശ്രേണികള്‍ എത്ര വേണമെങ്കിലും അതിലുണ്ട്. മറക്കാനാകാത്ത പ്രണയനഷ്ടം പോലെയുള്ള വേദനകളും സുലഭം.
ആധുനികതയുടെ തീക്ഷ്ണമായ യാത്രകള്‍ ഫുട്‌ബോളിന് ആഗോളതലത്തില്‍ പ്രചാരണം സാധ്യമാക്കി. സ്വയം നിലനില്‍ക്കാനാവശ്യമായ എല്ലാ മൗലികതയും ഒത്തിണങ്ങിയ കളിയാണത്. ശരീരഭാഷയുടെ ത്രസിപ്പിക്കുന്ന ചുവടുകള്‍. ഒത്തൊരുമയുടെ ശില്‍പ്പഭംഗി, നൃത്തത്തിന്റെ ചടുലത എല്ലാം ചേരുമ്പോള്‍ വഴങ്ങാന്‍ ഏറ്റവും പ്രയാസമേറിയ “ഠ”ആകൃതിയുള്ള പന്തെന്ന ആ കളിവസ്തു ഫുട്‌ബോളര്‍ക്കു മെരുങ്ങുന്നു. മാറ്റായുധങ്ങളൊന്നും കൂടാതെ പന്തിനെ വരുതിയില്‍ നിറുത്തണം. അതിനാല്‍ തന്നെ പന്ത് ഫുട്‌ബോളര്‍ക്ക് എപ്പോഴും ചോദ്യവസ്തു തന്നെയായിരിക്കും.
ഏതു പ്രഗത്ഭ ഫുട്‌ബോളറായാലും തന്റെ ഒരുജ്ജ്വല മുഹൂര്‍ത്തം പിന്നീടാവര്‍ത്തിക്കുന്നില്ല. അതിനു കഴിയില്ല എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. പകരം പുതിയ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാല്‍ കാണികള്‍ക്ക് ഓരോ കളിയും പുതിയ അനുഭവമാണ്. ബ്രസീലിലാരംഭിച്ച പോരാട്ടങ്ങള്‍ അനുഭവങ്ങളുടെ ഒരു വന്‍കര തന്നെയായിരിക്കും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്.
അതിപ്രഗത്ഭരുടെ ഒരു നിര തന്നെയാണ് ടീമുകളില്‍ അണി നിരക്കുന്നത്. പരുക്ക് ഒരു പ്രധാന പ്രശ്‌നമായി എടുത്തു കാട്ടുന്നുണ്ട്. കഴിഞ്ഞ ലോക കപ്പിനു മുമ്പും ഇത്തരം പ്രചാരണമുണ്ടായി. പക്ഷേ, കളിസമയമെത്തിയപ്പോള്‍ പലരും ഫിറ്റ്‌നസ്സ് തെളിയിച്ച് കളത്തിലിറങ്ങുകയുണ്ടായി. ടോട്ടാലിറ്റിയിലാണ് ഫുട്‌ബോള്‍ വിജയമെന്ന പ്രാഥമിക പാഠം സ്‌പെയിനിലൂടെ നാം കണ്ടു. ഏത് ദുര്‍ബല ഫീല്‍ഡുകളും പരാജയ കാരണമാകും. ബ്രസീലിലെത്തിയ ടീമുകളെല്ലാം ദൗര്‍ബല്യങ്ങള്‍ മറികടക്കാന്‍ ദീര്‍ഘനാളായി പ്രയത്‌നിച്ചവരാണ് എന്നത് ശ്രദ്ധേയം.
മെസിയും നെയ്മറും റോബനും യൗവനവീര്യം പുറത്തെടുത്താല്‍ നഷ്ടബോധത്തില്‍ നിന്നും അര്‍ജന്റീനയും ബ്രസീലും ഹോളണ്ടും കര കയറും. പ്രതിരോധക്കോട്ട സജ്ജമാക്കി അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ എതിരാളിയെ ഞെട്ടിക്കാനായാല്‍ ഇറ്റലി വിജയ മാതൃക തുടരും. ഒഴുകുന്ന ഗ്രൗണ്ട് പ്ലേയിലൂടെ യൂറോപ്യന്‍ ഫുട്‌ബോളിന് മറ്റൊരു സുന്ദര ഛായ സമ്മാനിക്കുന്ന സ്പാനിഷ് അര്‍മാഡ മുന്നേറിയാല്‍ അത് മറ്റൊരു ചരിത്രമാകും. വിജയം ആവര്‍ത്തിക്കും. അവര്‍ യൂറോ കപ്പില്‍ മുത്തമിടുന്നതു പോലെ കളിസൗന്ദര്യമല്ല കളിവിജയമാണ് പ്രധാനമെന്നുള്ള ഒരു പ്രൊഫഷനല്‍ ഫുട്‌ബോളിന്റെ അടക്കം സൂക്ഷിച്ചാല്‍ ജര്‍മനിക്ക് ഏതറ്റം വരെയും പോകാം. ഫുട്‌ബോളിന്റെ പ്രേമശൈലിയായ ലാറ്റിനമേരിക്കന്‍ ചലന സൗന്ദര്യവും സാഹസിക പോരും ഒത്തൊരുമിച്ചാല്‍ 2014 ലെ ലോകകപ്പ് ചിത്രം തന്നെ മാറും.
താരങ്ങള്‍ പൊലിയുന്നതിലും ഉയരുന്നതിലും ലോക കപ്പിന് പ്രധാന പങ്കുണ്ട്. 2010ല്‍ റൊണള്‍ഡീന്യോയുടെ ടെലിവിഷന്‍ വീഡിയോ നൈക്കി കമ്പനി പുറത്തിറക്കിയത് 89 കോടി പേരാണ് കണ്ടത്. ഒരൊറ്റ “ഹോള്‍ഹാസിക്ക” (ഇല കൊഴിയും ഫ്രീ കിക്ക്) കൊണ്ടവന്‍ ഇംഗ്ലണ്ടിന്റെ കോട്ടയെ നിഷ്പ്രഭമാക്കിയത് മുന്‍ ചരിത്രം. ഇത്തവണ ബ്രസീല്‍ കപ്പിനടുത്തു തന്നെയാണ്, ഫ്രെഡും ഹള്‍ക്കും ഫോം നിലനിര്‍ത്തിയാല്‍. പുതിയ താരങ്ങള്‍ ഉദയം ചെയ്യുന്നതിന് ഈ ലോക കപ്പ് സാക്ഷിയാകും. ഘാനയും നൈജീരിയയും കാമറൂണും വന്‍ താരങ്ങളെ പിടിച്ചുകെട്ടുന്നത് ചേതോഹരമായ കാഴ്ചയായിരിക്കും. യോഗ്യതാ റൗണ്ടില്‍ അവരത് തെളിയിച്ചിട്ടുണ്ട.് പുതിയൊരു രാജ്യം അട്ടിമറിയിലൂടെ മുന്നിലെത്തില്ലെന്ന് ആര്‍ക്കു പറയാനാകും?
മുഴുവന്‍ മനുഷ്യശേഷിയെയും തുറന്നു വിടുന്നവനാണ് പ്രഗത്ഭ ഫുട്‌ബോളര്‍. കായിക ശേഷിയും ബുദ്ധിയും സമ്മേളിക്കണം. ഇതാകട്ടെ വ്യക്തിഗതമാകരുത്, സംഘം ശരണം ഗച്ഛാമി എന്ന നിലയിലാകണം. കളിപാഠങ്ങള്‍ ധ്വനിപാഠങ്ങളാകുന്നത് ഗന്ധകം നിറച്ച കാലുകള്‍ തൊടുക്കുന്ന അപ്രതീക്ഷത വെടികളിലൂടെയാണ്. കാലില്‍ പന്തും കൊത്തി പറന്നുവരുന്നവനെ നിഷ്പ്രഭനാക്കുന്ന ഗോളി എന്ന ഏകാംഗ സൈന്യം പരകോടിയിലെ സാക്ഷാത്കാരമാണ്. ഇകേര്‍ കാസിയാസ്. 2010 ലോക കപ്പ് ഫൈനലില്‍ ആര്യന്‍ റോബന്റെ ഷോട്ട് വഴിതിരിച്ചുവിട്ടത് മനോഹരമായിരുന്നു. . ഓറഞ്ചുപടക്ക് നഷ്ടം ലോകകപ്പ്, നേട്ടം സ്‌പെയിനിനും.
മാറക്കാനയും സാല്‍വഡോറും സാവോപോളോയും ഉള്‍പ്പെടെയുള്ള ഒരു ഡസന്‍ മൈതാനങ്ങള്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. ദേശീയതയുടെയും വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും യുദ്ധത്തിന്റെയും ചരിത്രമുള്ള ഭിന്ന സാമ്രാജ്യമാണ് ഫുട്‌ബോള്‍. ഇനിയൊരു മാസം ഫുട്‌ബോള്‍ വാഴും. കാല്‍പ്പന്തിന്റെ മനോഹാരിതയില്‍ ചമത്കാരമൊരുക്കുന്ന കേരളത്തിലെ കൊച്ചു ഗ്രാമവയലുകളിലെ കളിക്കാരനും ഇനി കുറച്ചു നാള്‍ ആഗോളപൗരനാകുന്നു. ഓരോരുത്തര്‍ക്കും പക്ഷമുണ്ട്. പ്രിയതാരങ്ങളുണ്ട്, ടീമുകളുണ്ട്.
മലബാറിന്റെ ഭൂമികക്ക് എന്തുകൊണ്ടാണ് ഫുട്‌ബോള്‍ ഇത്ര പ്രിയങ്കരമാകുന്നത്? ഒരു പഠനവിഷയം കൂടിയാണിത്. കലാ സൗന്ദര്യത്തില്‍ മാപ്പിളപ്പാട്ടും ഒപ്പനയും ആര്‍ജവമാക്കുന്ന താളലയക്രമങ്ങളുടെ ത്രീവ്രതയും ശാന്തതയുമായി ഫുട്‌ബോളിന്റെ ഭാഷക്കും സാദൃശ്യങ്ങളുണ്ട്. ഒരു ജനതയുടെ വൈകാരിക മുഹൂര്‍ത്തങ്ങളെ അവഗണിച്ച് അവരെ ചലിപ്പിക്കാനാകില്ല എന്നത് ചരിത്രപാഠം.
അയ്യപ്പപ്പണിക്കരില്‍ നിന്നും വീണ്ടും കടമെടുക്കുന്നു, അല്‍പ്പം ഭേദഗതികളോടെ;“
വരിക നീയിപ്പോള്‍
ഈ ഇടവാന്ത്യത്തില്‍
രണ്ടായിരത്തിപ്പതിനാലില്‍
പകര്‍ന്നു തരികയീ പുല്‍ക്കൊടികളില്‍,
ഞങ്ങളില്‍
നിന്‍പാദ വൈദ്യുതാലിംഗനം……”