Connect with us

Gulf

'മയക്കുമരുന്നിനെതിരെ യോജിച്ച പോരാട്ടം വേണം'

Published

|

Last Updated

ദുബൈ: അറബ് മേഖലയില്‍ മയക്കുമരുന്നുകള്‍ക്കെതിരെ യോജിച്ച നീക്കത്തിന് പുതിയ രീതികള്‍ അവലംബിക്കണമെന്ന് ഇന്നലെ ദുബൈയില്‍ സമാപിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മയക്കുമരുന്നിനെതിരെ പോരാടുന്നതില്‍ ആഗോള നിലവാരം നേടുന്നതിന് ജി സി സി-അറബ് രാജ്യങ്ങളുടെ കൂട്ടായ നീക്കങ്ങളും പുതിയ സാങ്കേതിക സൗകര്യങ്ങളും രൂപവത്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മയക്കുമരുന്നുകളെ പ്രതിരോധിക്കുന്നതില്‍ നൈപുണ്യം നേടിയ എഴുപതില്‍പരം പ്രമുഖരാണ് ഹിമായ പത്താം എഡിഷന്റെ ഭാഗമായുള്ള രണ്ടു ദിവസത്തെ വര്‍ക്‌ഷോപ്പില്‍ പങ്കെടുത്തത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്തുണ തേടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങളെ മയക്കുമരുന്നിന്റെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. മുതിര്‍ന്നവരിലെ മയക്കുമരുന്ന്-മദ്യ അടിമത്തം കൗമാരാവസ്ഥയിലുള്ള കുട്ടികളിലടക്കം ദുഷ്പ്രവണത സൃഷ്ടിക്കുന്നുണ്ട്. ഗര്‍ഭകാല ഘട്ടത്തില്‍ മാതാവിന്റെ മദ്യ, മയക്കുമരുന്ന് പുകവലി ഉപയോഗം ഗര്‍ഭസ്ഥ ശിശുവില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതായി ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് പാനല്‍ ഡിസ്‌കഷന്‍ നയിച്ച യു എന്‍ ഓഫീസ് ഫോര്‍ ഡ്രഗ് ആന്റ് ക്രൈം പ്രതിനിധി ഗിയോ വാന്ന കോംബല്‍ പറഞ്ഞു. ഓരോ പ്രായത്തിനനുസരിച്ചുള്ള വിഭാഗങ്ങള്‍ക്കായി ഭാഷണരീതി വികസിപ്പിക്കാനും സമയമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.