Connect with us

Palakkad

അട്ടപ്പാടിയില്‍ പുതിയ സപ്ലൈകോ ഡിപ്പോയും മാവേലി സ്റ്റോറുകളും ആരംഭിക്കും

Published

|

Last Updated

അഗളി: അട്ടപ്പാടി മേഖലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സപ്ലൈകോയുടെ ഡിപ്പോയും ഒരു പുതിയ മാവേലിസ്റ്റോറും ഒരു സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറും ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന അഞ്ചര മെട്രിക് ടണ്‍ നെല്ല് കുത്തുന്നതിന് 60 മില്ലുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുതിയ മൂന്നു മില്ലുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി. ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ ഏറ്റെടുത്തു വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും നല്‍കും. ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വിപണി കണ്ടെത്തുന്നതിന് എല്ലാ സഹായവും നല്‍കും.
കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട ഉത്പാദകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവുവരുത്തിയിട്ടുണ്ട്. 30 മുതല്‍ 35 വരെശതമാനം ലാഭവിഹിതം നിശ്ചയിച്ചിരുന്നത് 11 മുതല്‍ 20 വരെയായി കുറച്ചിട്ടുണ്ട്. സംസ്ഥാനത്തെ 50 പഞ്ചായത്തുകളില്‍ നിലവില്‍ മാവേലിസ്റ്റോറുകളില്ല. ഇവിടങ്ങളില്‍മാവേലി സ്റ്റോറുകള്‍ തുടങ്ങാന്‍ നടപടിയാരംഭിച്ചിട്ടുണ്ട്. നിലവില്‍ 12 മൊബൈല്‍ മാവേലി സ്റ്റോറുകളാണു സംസ്ഥാനത്തുള്ളത്.
കൂടുതല്‍ എണ്ണം ആരംഭിക്കാന്‍ കേന്ദ്ര സഹായം തേടും. ആദിവാസി പിന്നാക്ക മേഖലകള്‍ തീരദേശ മേഖലകള്‍ ഇന്നിവടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പുരുഷന്‍ കടലുണ്ടി, ബാബു എം പാലിശ്ശേരി, കെ വി വിജയദാസ്, കെ എസ് സലീഖ, പി ഉബൈദുല്ല, വര്‍ക്കല കഹാര്‍, ഐഷ പോറ്റി എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

Latest