Connect with us

National

31 നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ യാത്രാ രേഖകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ഒരു കമാന്‍ഡറടക്കം 31 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി ബി ഐ കേസെടുത്തത്. വിവിധ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനക്ക് ശേഷം പതിക്കേണ്ട വ്യാജ റബ്ബര്‍ സീലുകള്‍, ബ്ലാങ്ക് ബോര്‍ഡിംഗ് പാസുകള്‍, ബ്ലാങ്ക് ടിക്കറ്റുകള്‍, ഷിപ്പിംഗ് ഡയറക്‌ടേറേറ്റിന്റെ വ്യാജ ബോര്‍ഡിംഗ് പാസ്സുകള്‍, വിവിധ എയര്‍ലൈനുകളുടെ ബാഗേജ് സ്‌ലിപ്പുകള്‍ തുടങ്ങിയവ സി ബി ഐ പിടിച്ചെടുത്തു.
പോര്‍ട്ട് ബ്ലെയറില്‍ നിയമിക്കപ്പെട്ട ഇവര്‍ തെറ്റായ യാത്രാ രേഖകള്‍ ഉപയോഗിച്ച് യാത്രാപ്പടികളും മറ്റ് ചെലവിനത്തിലും വന്‍ തുക കൈപ്പറ്റിയെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. 19.77 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായിരിക്കുന്നുവെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ തട്ടിപ്പ് തുക കോടികളുടേതായിരിക്കാമെന്നും കൂടുതല്‍ അന്വേഷണത്തില്‍ ഇത് തെളിയുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
പോര്‍ട്ട് ബ്ലയറില്‍ നേവിക്കായി രൂപത്കരിച്ച അഗ്‌നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഗാന്ധി ബെഹ്‌റയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ഐ എന്‍ എസ് ജറോവയിലെ സിവിലിയനായ പാചകക്കാരന്‍ വി കാശിലംഗവും സഹായിച്ചു. ബെഹ്‌റയയെയും കാശിലംഗത്തെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നാവികസേനാ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്.