Connect with us

Gulf

പാര്‍ക്കുകളില്‍ നമസ്‌കാരത്തിന് സഞ്ചരിക്കുന്ന പള്ളി

Published

|

Last Updated

ദോഹ: പാര്‍ക്കുകളില്‍ എത്തുന്നവര്‍ക്ക് നമസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയുമായി ഈദി ചാരിറ്റി. കൂടുതല്‍ സമയം പാര്‍ക്കുകളില്‍ ചിലവഴിക്കുന്നവര്‍ക്ക് നമസ്‌കാരത്തിന് സൗകര്യമൊരുക്കാനാണ് സഞ്ചരിക്കുന്ന പള്ളി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മഗ്‌രിബ്, ഇശാ നമസ്‌കാര സമയങ്ങളിലാണ് വാഹനം പ്രധാനമായും പാര്‍ക്കിലെത്തുക. കൃത്യസമയത്ത് വാഹനത്തില്‍ നിന്നും ബാങ്കുവിളിയുയരും. ഒരേ സമയം 10പേര്‍ക്ക് അംഗശുദ്ധി വരുത്താനുള്ള സൗകര്യം വാഹനത്തിലുണ്ട്. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗിത്ത് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന മിനാരവും വലിയ മൈക്കും വാഹനത്തിലുണ്ട്. നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ താല്‍ക്കാലിക ഇമാമും വാഹനത്തെ അനുഗമിക്കുന്നുണ്ട്.

ആയിരത്തോളം പേര്‍ക്ക് ഒരേ സമയം നമസ്‌കരിക്കാവുന്ന കാര്‍പെറ്റ് വാഹനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ജനറേറ്ററും വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റവും വാഹനത്തിന്റെ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിട്ടുണ്ട്. നമസ്‌കരിക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ പ്രകാശം ലഭിക്കാന്‍ മിനാരത്തിന് മുകളില്‍ നിന്ന് സ്‌പോട്ട് ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത വാഹനമായ ജി എം സി രൂപമാറ്റം വരുത്തിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ വൈവിദ്ധ്യം മൂലം ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ രൂപമാറ്റം.

ദോഹ കോര്‍ണിഷ് ഭാഗത്തും ഈ സംവിധാനം ഉടനെ ആരംഭിക്കും. വലിയ എല്‍ സി ഡി സ്‌ക്രീന്‍ കൂടി ഉള്‍പ്പെടുത്തി പ്രഭാഷണം വീക്ഷിക്കാന്‍ കൂടി സൗകര്യമുള്ള മറ്റൊരു വാഹനവും ദോഹയില്‍ എത്തിയിട്ടുണ്ട്. മൂന്നാമത്തെ വാഹനം സൗദിയിലെ റിയാദില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.