Connect with us

National

രാജ്‌നാഥ് സിംഗ് സംഘ്പരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ ബി ജെ പി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്‌നാഥ് സിംഗ് ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. രാജ്‌നാഥ് സിംഗ് കേന്ദ്ര മന്ത്രിസഭയിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമം. രണ്ട് പദവി ഒരുമിച്ച് കൊണ്ട് പോകുന്നത് പാര്‍ട്ടി കീഴ്‌വഴക്കമല്ല. എന്നാല്‍ പുതിയ പ്രസിഡന്റ് ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കൂടി സ്വീകാര്യനായ വ്യക്തിയാകേണ്ടതിനാലാണ് ഇക്കാര്യത്തില്‍ അവരുമായി ചര്‍ച്ച നടത്താന്‍ രാജ്‌നാഥ് സിംഗ് തയ്യാറായത്. ജനറല്‍ സെക്രട്ടറിമാരായ ജെ പി നദ്ദ, അമിത് ഷാ, ഓം പ്രകാശ് മാഥൂര്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേള്‍ക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പാര്‍ട്ടി നേതാവാണ് നദ്ദ. യു പി യില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടിക്കൊടുത്തത് അമിത്ഷാ യുടെ വ്യക്തിപ്രഭാവമായാണ് ബി ജെ പി കരുതുന്നത്. ഒഴിവുള്ള ജനറല്‍ സെക്രട്ടറിമാരുടെ സ്ഥാനത്തേക്കും പുതിയ നിയമനം നടത്തേണ്ടതുണ്ട്. പ്രസിഡന്റ് പദവിയില്‍ പുതിയ നിയമനം വൈകുന്നത് വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കുമെന്ന് പാര്‍ട്ടി കണക്കൂകൂട്ടുന്നു.
ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഭരണഘടനയുടെ 370 പദവിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പരത്തിയത്. എന്നാല്‍ സംഘടനാ നേതാക്കളുമായി രാജ്‌നാഥ് സിംഗ് സംഘടനാ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് സംഘടനാ നേതാവ് രാം മാധവ് പറഞ്ഞു.

Latest