വിശുദ്ധ റമസാന്‍ പടിവാതില്‍ക്കല്‍; കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

Posted on: May 29, 2014 7:17 pm | Last updated: May 29, 2014 at 7:30 pm
1512630_10152493933832125_28555838756320492_n
കഅബ കഴുകല്‍ ചടങ്ങിന് മക്ക ഗവര്‍ണര്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നേതൃത്വം നല്കുന്നു

ജിദ്ദ: പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹം ഒരുങ്ങി. റമസാന് മുന്നോടിയായുള്ള കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. മക്ക ഗവര്‍ണര്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കഅബ കഴുകല്‍ ചടങ്ങ് നടന്നത്. സഊദി സാംസ്‌കാരിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ മുഹ് യുദ്ദീന്‍ ഹോജ, ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ്, മുഹമ്മദ് അല്‍ ഖൊസൈം, മക്ക മുന്‍സിപ്പല്‍ മേയര്‍ ഉസാമ അല്‍ ബദര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസം വെള്ളവും പനിനീരും കൂട്ടിക്കലര്‍ത്തിയ വെള്ളമുപയോഗിച്ചാണ് വിശുദ്ധ കഅബാലയം കഴുകുന്നത്. ഈ വെള്ളത്തില്‍ നനച്ച തുണി ഉപയോഗിച്ച് കഅബാലയം തുടക്കുകയാണ് ചെയ്യുക. ചടങ്ങിന് മുന്നോടിയായി രണ്ട് റകഅത്ത് സുന്നത്ത് നിസ്ക്കാരവും നിര്‍വഹിക്കും. പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ സുന്നത്താണ് കഅബ കഴുകലെന്ന് ശൈഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ സുദൈസി പറഞ്ഞു. മക്ക വിജയത്തിന് ശേഷം മുഹമ്മദ് നബി (സ) കഅബ കഴുകിയ സംഭവവും അദ്ദേഹം അനുസ്മരിച്ചു.

ചിത്രങ്ങള്ക്ക് കടപ്പാട്ഃ മുഹമ്മദ് അഷല്‍ / അറബ് ന്യൂസ്