സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന്

Posted on: May 29, 2014 12:58 am | Last updated: May 30, 2014 at 12:51 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍തല പ്രവേശനോത്സവം ജൂണ്‍ രണ്ടിന് മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രിയുടെ പ്രഥമദിന സന്ദേശം സ്‌കൂളുകളില്‍ വായിക്കും. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവാഗതരെ സ്വീകരിക്കുന്നതിനായി സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുക. പുതുതായി മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രക്ഷാകര്‍ത്താക്കള്‍ക്കുള്ള കൈപ്പുസ്തകമായ പരിരക്ഷയുടെ പാഠങ്ങള്‍’പരിഷ്‌കരിച്ച പതിപ്പ് എല്ലാ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യും. ഈ വര്‍ഷം മുതല്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ പാഠ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതഭാഷ പഠിക്കാനുള്ള സൗകര്യവും കലാ പഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.