Connect with us

Editorial

ജൈവകൃഷി പദ്ധതി ഊര്‍ജിതമാക്കണം

Published

|

Last Updated

വിഷലിപ്തമായ പഴങ്ങളുടെ വില്‍പ്പന തടയാനുള്ള സര്‍ക്കാറിന്റെ കര്‍മപദ്ധതി സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് വില്‍പ്പനക്കെത്തുന്ന പഴവര്‍ഗങ്ങളില്‍ നിരോധിത കീടനാശിനികള്‍ കൂടിയ തോതില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അത് തടയാനായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ സമിതി രൂപവത്കരണം, ഭക്ഷ്യാ സുരക്ഷാ വാരാചരണം, കീടനാശിനി പ്രയോഗം തടയാന്‍ കൃഷിയിടങ്ങളില്‍ നിരീക്ഷണവും നടപടിയും, സ്‌കൂള്‍ ആരോഗ്യ പദ്ധതിയില്‍ ഭക്ഷ്യസുരക്ഷാ ബോധവത്കരണത്തിന് ഊന്നല്‍ തുടങ്ങിയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
ആരോഗ്യസംരക്ഷണത്തില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും പങ്ക് സുപ്രധാനമാണ്. ശരീരത്തിനാവശ്യമായ ധാതുലവണങ്ങളും മറ്റു അവശ്യഘടകങ്ങളും മുഖ്യമായും ഇവ രണ്ടില്‍ നിന്നുമാണ് ലഭിക്കുന്നത്. രോഗപ്രതിരോധത്തിനും ആരോഗ്യം കാത്തുസൂക്ഷിക്കാനും ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്താന്‍ ആരോഗ്യ വിദഗ്ധര്‍ അടിക്കടി ഉദ്‌ബോധിപ്പിക്കാറുണ്ട്. എന്നാല്‍ നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ ഉള്ള ആരോഗ്യം നഷ്ടമാകുകയും മാരക രോഗങ്ങള്‍ക്കടിമകളാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ആധുനിക സമൂഹം രാസവസ്തുക്കളും കീടനാശിനികളും കൂടുതലും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭൂവിസ്തൃതിയില്‍ 2.6 ശതമാനം മാത്രം വരുന്ന പഴം പച്ചക്കറി കൃഷിയിടങ്ങളിലാണ്. വിപണികളിലെ പഴങ്ങളിലേറെയും വിഷലിപ്തമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ പഴങ്ങളിലും പച്ചക്കറികളിലും നിരോധിത കീടനാശിനിള്‍ കൂടിയ തോതിലുള്ളതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പഴങ്ങളും പച്ചക്കറികളും സര്‍ക്കാരിന്റെ അനാലിസിസ് ലാബില്‍ പരിശോധിച്ചപ്പോള്‍ 86 ഇനങ്ങളില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനിയുണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി. പഴങ്ങളിലെ കീടബാധ തടയാനും എളുപ്പത്തില്‍ മൂപ്പെത്തി പഴുക്കാനും ആകര്‍ഷണീയമായ നിറം കൈവരാനും മറ്റും ചേര്‍ക്കുന്ന ഈ കീടനാശിനികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുളവാക്കുന്നവയാണ്.
തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ 120 ദിവസം കൊണ്ടു കായ്ക്കുന്ന പച്ചക്കറികളില്‍ 10 ദിവസം ഇടവിട്ടു 12 തവണ മാരകവിഷങ്ങള്‍ പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിലെത്തുന്ന പച്ചമാങ്ങകള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി പഴുപ്പിക്കുന്ന നൂറിലധികം ഗോഡൗണുകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളീയ സമൂഹത്തിന്റെ ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. വിഷലിപ്ത പഴങ്ങളുടെ വില്‍പ്പന ഏറെയും മാഫിയകളുടെ നിയന്ത്രത്തിലാണ്. ഉദ്യോഗസ്ഥര്‍ ഈ മാഫിയകളുടെ സമ്മര്‍ത്തിന് വഴങ്ങുന്നതായി പരാതിയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആസൂത്രണം ചെയ്ത കര്‍മപദ്ധതിയില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ പഴവര്‍ഗ കൃഷിക്കാര്‍ക്ക്, അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ കാര്‍ഷിക ഫലങ്ങളിലെ വിഷപ്രയോഗത്തിന്റെ മാരക ഫലങ്ങളെക്കുറിച്ചു ബോധവത്കരണം നടത്താനും വിഷരഹിത കൃഷി സംബന്ധിച്ചു നിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമുണ്ട്. എന്നാല്‍ കീടനാശിനിപ്രയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചറിയാത്തവരല്ല വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നവരൊന്നും. ഉയര്‍ന്ന ലാഭക്കൊതിയില്‍ അത്തരം പ്രശ്‌നങ്ങള്‍ക്കു നേരെ മനഃപൂര്‍വം കണ്ണടക്കുകയാണവര്‍. തദ്ദേശീയമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് പ്രായോഗിക മാര്‍ഗം. സര്‍ക്കാര്‍ ജൈവകൃഷി വ്യാപനത്തിന് പദ്ധതികളാവിഷ്‌കരിക്കുകയും 2016 ഓടെ കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്് ജനുവരിയില്‍ നിയമസഭയില്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുെണ്ടങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. വിപണികളിലേക്കുള്ള വിഷലിപ്ത പഴങ്ങളുടെ വരവ് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതോടൊപ്പം, തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയും മറ്റും ജൈവ പഴം, പച്ചക്കറി കൃഷി വ്യാപമാക്കാനുള്ള പദ്ധതികളുടെ നടത്തിപ്പ് ഊര്‍ജിതമാക്കുകയും ചെയ്യേണ്ടതുണ്ട്.