Connect with us

Ongoing News

സരിതയുടെ കത്ത് പുറത്തുവിടാന്‍ ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി

Published

|

Last Updated

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസഭയിലേക്ക് പുനഃപ്രവേശം നല്‍കിയില്ലെങ്കില്‍ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കത്ത് പുറത്തുവിടുമെന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭീഷണിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ കത്തോ കത്തിന്റെ പകര്‍പ്പോ എന്താണ് കൈവശമുള്ളതെങ്കില്‍ അത് ആദ്യം ബാലകൃഷ്ണ പിള്ള പുറത്തുവിടട്ടെയെന്നും അതുകഴിഞ്ഞേ ഇനി മന്ത്രിസഭാ പുനഃസംഘടന ആലോചിക്കൂവെന്നുമാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗണേഷിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാനാകില്ല, പാര്‍ട്ടിയിലും യു ഡി എഫിലെ കക്ഷികളോടും ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 31ന് മുമ്പ് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ അടുത്ത മാസം ഒമ്പതിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് ഉറപ്പായി. പിള്ളയുടെ ഭീഷണിക്ക് വഴങ്ങി മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ധാരണയിലെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയത്. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയാണ് യു ഡി എഫ് ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ യു ഡി എഫ് യോഗത്തിലാണ് ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം അന്ത്യശാസന രൂപേണ പിള്ള ഉന്നയിച്ചത്. ഉന്നത നേതാക്കളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന കത്ത് പുറത്തുവിടുമെന്ന മുന്നറിയിപ്പും പിള്ള നല്‍കി. തന്റെ മകന്റെ പേര് കത്തിലില്ലെന്നും മറ്റ് പല നേതാക്കളുടെയും പേരുണ്ടെന്നും പിള്ള പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന സൂചനയും കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതോടെ ആവശ്യമെങ്കില്‍ പത്തനാപുരത്ത് ഗണേഷിനെതിരെ മത്സരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നറിയന്നു.