Connect with us

Gulf

സി ബി എസ് ഇ: ഗള്‍ഫില്‍ വിജയം നൂറുശതമാനം

Published

|

Last Updated

ഷാര്‍ജ: ഗള്‍ഫില്‍ സി ബി എസ് ഇ പത്താംതരം പരീക്ഷയില്‍ 19,202 കുട്ടികളും വിജയിച്ച് നൂറുശതമാനം വിജയം നേടിയതായി സി ബി എസ് ഇ ഗള്‍ഫ് കൗണ്‍സില്‍ ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയിലാകെ 158 സി ബി എസ് ഇ വിദ്യാലയങ്ങളാണുള്ളത്. യു എ ഇയില്‍ പരീക്ഷയെഴുതിയ 8,288 വിദ്യാര്‍ഥികള്‍ വിജയിച്ചു. 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. ഉന്നത മാര്‍ക്കോടെയായിരുന്നു വിജയം. 20 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. രാജ്യത്ത് 58 സി ബി എസ് ഇ വിദ്യാലയങ്ങളുണ്ട്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 403 വിദ്യാര്‍ഥികളും ഉന്നത മാര്‍ക്കോടെ വിജയച്ചു. 11 പേര്‍ക്കു എല്ലാ വിഷയങ്ങളിലും നൂറു ശതമാനം മാര്‍ക്കുലഭിച്ചു. അതേ സമയം, ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ വിഷയങ്ങളിലും നൂറ് ശതമാനം വിജയം നേടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ഇത്തവണത്തെ വിജയ ശതമാനം സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ പല വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയം നേടുന്നവരുടെ എണ്ണം കൂടുതലായിരുന്നു. കുറയാനുള്ള കാരണം വ്യക്തമല്ല. സി ബി എസ് ഇ പരീക്ഷയില്‍ ഇത്തവണ വരുത്തിയ ചില മാറ്റങ്ങളാകാം കാരണമെന്നു സൂചനയുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് വിദ്യാലയങ്ങള്‍ക്കു ഉന്നത വിജയം നേടാനായതില്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
സി ബി എസ് ഇ പത്താംതരം പരീക്ഷയില്‍ അല്‍ ഐന്‍ ഒയാസിസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മികച്ച വിജയം നേടി. 32 പേരാണ് പരീക്ഷക്കിരുന്നത്. എല്ലാവരും പാസായി. ആലം സാജ്, മുഹമ്മദ് ബയാജിത്ത്, അഫ്‌റിന്‍ ഫൈസല്‍, മിസ്‌നി ഫാത്വിമ എന്നിവര്‍ക്ക് മികച്ച ഗ്രേഡ് ലഭിച്ചു.

 

Latest