സര്‍ക്കാറിന് പ്രതിബദ്ധത ബസ് മുതലാളിമാരോട്!

Posted on: May 22, 2014 6:00 am | Last updated: May 22, 2014 at 12:00 am

SIRAJ.......സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ബസ്ചാര്‍ജ് വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. സിറ്റി, ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയും, കി. മീറ്റര്‍ ചാര്‍ജ് 58 പൈസയില്‍ നിന്ന് 64 പൈസയും ഫാസ്റ്റ് പാസഞ്ചറിന്റെത് യഥാക്രമം എട്ട് രൂപയില്‍ നിന്ന് 10 രൂപയും 62 പൈസയില്‍ നിന്ന് 68 പൈസയുമായാണ് വര്‍ധിപ്പിച്ചത്. സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍, ലക്ഷ്വറി, ഹൈടെക് എ സി, വോള്‍വോ ബസുകളുടെ നിരക്കുകളിലും ആനുപാതിക വര്‍ധനയുണ്ട്.
ഭരണത്തില്‍ യു ഡി എഫായാലും എല്‍ ഡി എഫായാലും ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തില്‍ ബസുടമകളും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണ് കാലാകാലങ്ങളായി സംസ്ഥാനത്ത് നടന്നു വരുന്നത്. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു, തുടര്‍ന്ന് സൂചനാ പണിമുടക്ക്, സര്‍ക്കാരുമായി ചര്‍ച്ച നടത്തി അലസിപ്പിരിയല്‍, അനിശ്ചിതകാല ബസ് സമരം, ജനങ്ങളുടെ യാതനകളെ മുന്‍നിര്‍ത്തി മറ്റൊരു മാര്‍ഗവുമില്ലെന്ന മട്ടില്‍ ബസ് ചാര്‍ജ്് വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇതാണ് ഇവിടുത്തെ സ്ഥിരം രീതി. ഇത്തവണ ബസ് ഉടമകള്‍ സമരത്തിലേക്കിറങ്ങുന്നതിന് മുമ്പേ തന്നെ, ജനങ്ങളുടെ ശ്രദ്ധ തിരഞ്ഞെടുപ്പ് ഫലത്തിലും അടുത്ത കേന്ദ്രമന്ത്രിസഭാ രൂപവത്കര ണത്തിലും കേന്ദ്രീകരിച്ച ഘട്ടത്തിലാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. ഇതുമുലം ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തില്‍ നിന്ന് സര്‍ക്കാറിന് രക്ഷപ്പെടാനുമായി.
നിലവിലെ യു ഡി എഫ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബസ് ചാര്‍ജ് വര്‍ധനവാണിത്. 2012 നവംബറിലാണ് മുമ്പത്തെ വര്‍ധന. ചാര്‍ജ് കൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ വര്‍ധനയല്ലാതെ മറ്റ് പോംവഴികളില്ലെന്നാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചത്. ചാര്‍ജ്്‌വര്‍ധനയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അതേപടി നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളിലെല്ലാം ബസുകളിലെ മിനിമം ചാര്‍ജും കി.മീറ്റര്‍ ചാര്‍ജും കേരളത്തിനെ അപേക്ഷിച്ചു വളരെ കുറവാണ്. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് ഇപ്പോഴും മൂന്ന് രൂപയാണ്. കി. മീറ്റര്‍ ചാര്‍ജ് 40 പൈസയും. കര്‍ണാടകയില്‍ മിനിമം ചാര്‍ജ് നാല് രൂപയാണ്. എന്നിട്ടും ഈ സംസ്ഥാനങ്ങളില്‍ ബസ് വ്യവസായം ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നുവെന്ന കാര്യം മന്ത്രി സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
ബസ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ പൊതുജനങ്ങളേക്കാളുപരി ബസുടമകളോടാണ് സര്‍ക്കാറിന് പ്രതിബദ്ധത. ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അപ്പടി അംഗീകരിക്കുമ്പോള്‍ ജനങ്ങളുടെ ആവലാതികളും പ്രശ്‌നങ്ങളും മനഃപൂര്‍വം വിസ്മരിക്കുന്നു. സംസ്ഥാനത്ത് ഫെയര്‍ സ്‌റ്റേജ് നിര്‍ണയത്തില്‍ ഒട്ടേറെ അപാകങ്ങളുണ്ട്. ഫെയര്‍ സ്‌റ്റേജ് നിര്‍ണയത്തിലെ അശാസ്ത്രീയത കാരണമായി ഹ്രസ്വദൂരയാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരുന്നു. ഇത് പരിഹരിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഹൈക്കോടതിയും ഇക്കാര്യത്തില്‍ ഇടപെട്ടതാണ്. എന്നാല്‍ അടിക്കടി ബ്‌സ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന സര്‍ക്കാറുകളും നിരക്ക് പരിഷ്‌കരിക്കാന്‍ നിയുക്തമായ സമിതികളും ഫെയര്‍‌സ്റ്റേജ് പ്രശ്‌നം പാടേ അവഗണിക്കുന്നു. ഇത്തവണ ബസ് ചാര്‍ജ് പ്രഖ്യാപിച്ചതോടൊപ്പം ഫെയര്‍സ്‌റ്റേജിലെ അപാകങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നാണറിയുന്നത്. ഫെയര്‍ സ്റ്റേജ് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പാണ്. ഫെയര്‍ സ്റ്റേജ് സംബന്ധമായി നിരന്തരം പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടും ഒന്നും കണ്ടില്ലെന്ന മട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെയും അനുവര്‍ത്തിച്ചത് .
കേരളത്തില്‍ കി. മീറ്റര്‍ നിരക്ക് കണക്കാക്കുന്നത് മിനിമം ചാര്‍ജിന് മുകളിലാണ്. 2011 മുതല്‍ നടപ്പാക്കിയതും രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതുമായ ഈ പരിഷ്‌കരണം മുലം ഹ്രസ്വദൂര യാത്രക്കാര്‍ കി. മീറ്റര്‍ നിരക്കിലുള്ള ചാര്‍ജിന്റെ ഇരട്ടിയും അതിലേറെയും നല്‍കേണ്ടി വരുന്നുണ്ട്. ഈ സമ്പ്രദായം പിന്‍വലിച്ച് 2011ന് മുമ്പുള്ള, ഫെയര്‍ സ്‌റ്റേജിലേക്കുള്ള ദൂരം കിലോമീറ്റര്‍ നിരക്കുകള്‍ കൊണ്ട് ഗുണിച്ചു കിട്ടുന്ന നിരക്ക് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. ബസുടമകളുടെ എതിര്‍പ്പാണ് കാരണം. ബസ് വരുമാനത്തിന്റെ സിംഹഭാഗവും ഹ്രസ്വദൂര യാത്രക്കാരില്‍ നിന്നായതിനാല്‍ ഫെയര്‍‌സ്റ്റേജ് പുനര്‍നിര്‍ണയത്തിനുള്ള ഏത് നീക്കത്തിനും ബസുമടകള്‍ തടയിടുകയാണ്. മുതലാളിമാരുടെ താത്പര്യം മാനിച്ചു ബസ് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലെങ്കിലും യാത്രക്കാരോട് നീതി കാണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.

ALSO READ  സംഘ്പരിവാര്‍ ദൗത്യം ‘സിനഡ്' ഏറ്റെടുത്തോ?