സൈബര്‍ ഏറ്റുമുട്ടലുകള്‍ ഗൗരവതരം- അറബ് മീഡിയാ ഫോറം

Posted on: May 21, 2014 9:50 pm | Last updated: May 21, 2014 at 9:31 pm

New Imageദുബൈ: സൈബര്‍ ഏറ്റുമുട്ടലുകള്‍ സായുധ പോരാട്ടത്തെക്കാള്‍ വിനാശകാരിയാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് രണ്ടുദിവസത്തെ അറബ് മാധ്യമ സമ്മേളനം ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദേശ സുരക്ഷിതത്വത്തിന് സൈബര്‍ ഇടപെടലുകള്‍ ഭീഷണിയാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ആളുകള്‍ കൂടുതലായി സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നു.

2013ല്‍ യു എ ഇയില്‍ 10 ലക്ഷം പേര്‍ ഫേസ്ബുക്ക് എക്കൗണ്ട് തുടങ്ങി. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അക്കൗണ്ടുള്ളത് യു എ ഇയിലാണ് ജനസംഖ്യയുടെ 54 ശതമാനം ഇത്തരത്തില്‍പെട്ടവരാണ്. അവരില്‍ ഭൂരിപക്ഷം ജാഗ്രതയോടെയല്ല, ഫേസ് ബുക്കിനെ ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെക്കാള്‍ സ്വാധീനം ചെലുത്തുന്നത്. ബ്ലോഗുകള്‍ക്കും വന്‍ മുന്നേറ്റമാണ് നടത്താന്‍ കഴിയുന്നത്. സെമിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ ഭാവി ഇന്ന് തുടങ്ങുന്നു എന്ന സന്ദേശത്തിലാണ് സെമിനാറുകള്‍. രാജ്യാന്തര തലത്തില്‍ നിന്ന് 2000ത്തോളം മാധ്യമ പ്രവര്‍ത്തകര്‍ എത്തി. ഈജിപ്ത് പ്രധാനമന്ത്രി ഇബ്‌റാഹീം മഹ്‌ലബ് അടക്കം പ്രമുഖര്‍ പങ്കെടുത്തു.
ഓരോ മണിക്കൂറിലും മാധ്യമ മേഖല മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഇബ്‌റാഹീം മഹ്‌ലബ് പറഞ്ഞു. തന്റെ ഫോളോവര്‍മാരില്‍ മിക്കവരും കുട്ടികളാണെന്ന് കുവൈത്തിലെ ഇന്‍സ്റ്റാഗ്രാം സെന്‍സേഷന്‍ ഫൈസല്‍ അല്‍ബസ്‌റി പറഞ്ഞു. 3.24 ലക്ഷം ഫോളോവര്‍മാരാണ് തനിക്കുള്ളത്. അതേ സമയം, വ്യാജ പ്രൊഫൈലുകാരെ തിരിച്ചറിയുക എളുപ്പമല്ലെന്നും ഫൈസല്‍ അല്‍ ബസ്‌റി പറഞ്ഞു. അറബ് ലോകത്ത് 2028ഓടെ അച്ചടിമാധ്യമങ്ങള്‍ ഇല്ലാതാവുമെന്ന് മാധ്യമ നിരീക്ഷകന്‍ റോസ് ഡോസന്‍ പറഞ്ഞു.