കനാല്‍ പദ്ധതി; അല്‍വാസല്‍ റോഡില്‍ ഗതാഗതക്കുരുക്ക്

Posted on: May 20, 2014 8:16 pm | Last updated: May 20, 2014 at 8:16 pm

ദുബൈ: കനാല്‍ നിര്‍മിക്കുന്നതിന് അല്‍ സഫൂഹ് റോഡില്‍ ഗതാഗതം തിരിച്ചുവിട്ടതോടെ ഈ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. അല്‍ വാസല്‍ ഉമ്മു അംറ റോഡിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക്. കനാല്‍ നിര്‍മാണത്തിനായി നാല് ഇന്റര്‍ സെക്ഷന്‍ വഴിയാണ് ഗതാഗതം തിരിച്ചുവിട്ടത്. ആദ്യത്തേത് ദുബൈ കോളജിന് സമാന്തരമായിട്ടുള്ളതാണ്. രണ്ടാമത്തേത് ദുബൈ മീഡിയ ഇന്റര്‍ സെക്ഷന്‍. മൂന്നാമത്തേത് തമാനി ഹോട്ടല്‍ ഇന്റര്‍സെക്ഷനിലും നാലാമത്തേതു ഡിസ്ട്രിക്ട് 10 ബില്‍ഡിംഗിനു സമീപം വഴിയുമാണ്. എന്നാല്‍ എല്ലാവരും ശൈഖ് സായിദ് റോഡിലെ ഉമ്മു അംറ റൗണ്ട് അബൗട്ട് വഴിയാണ് സഞ്ചരിക്കുന്നത്. താമസ ഏരിയായ ഇവിടെ ഗതാഗത കുരുക്ക് ഏറെയാണ്. ശൈഖ് സായിദ് റോഡിലെ സാലിക്ക് ഒഴിവാക്കാന്‍ ഈ വഴി വരുന്നതാണ് ഗതാഗത കുരുക്കിന്റെ കാരണം. ഈ റൂട്ടില്‍ അമിത വേഗത എന്ന പരാതിയുമുണ്ട്. രാവിലെ ഓഫീസ് സമയങ്ങളിലും വൈകുന്നേരവുമാണ് ഗതാഗതക്കുരുക്ക് ഏറെ.
റോഡില്‍ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുടുങ്ങുന്നത്. ശൈഖ് സായിദ് റോഡില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ജോലി ഒക്‌ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് ആര്‍ ടി എ അറിയിച്ചു. ഗതാഗതക്കുരുക്ക് കാരണം ഇവിടങ്ങളിലുള്ളവര്‍ക്ക് സ്‌കൂള്‍, ഓഫീസ് സമയത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ല. ശൈഖ് സായിദ് റോഡിലെ നാല് ഇന്റര്‍സെക്ഷനും ഉപയോഗിക്കണമെന്ന് ആര്‍ ടി എ അറിയിച്ചു.