കോട്ടയത്ത് ഭൂരിപക്ഷം വര്‍ധിപ്പിച്ച് ജോസ് കെ മാണി

Posted on: May 17, 2014 8:58 am | Last updated: May 17, 2014 at 8:58 am

jose k maniകോട്ടയം: കോട്ടയത്ത് ഭൂരിപക്ഷം ലക്ഷത്തിന് മുകളിലേക്ക് വര്‍ധിപ്പിച്ചാണ് ജോസ് കെ മാണി രണ്ടാം തവണ ഇന്ദ്രപ്രസ്ഥത്തിലേക്കു വണ്ടി കയറുന്നത്. 2009 ലെ തിരഞ്ഞെടുപ്പില്‍ നേടിയ 71570 ഭൂരിപക്ഷം ഇത്തവണ 120599 ത്തിലേക്ക് ഉയര്‍ത്തിയ ജോസ് കെ മാണി എതിരാളികളെപ്പോലും ഞെട്ടിച്ചു. കോട്ടയം ലോകസഭാ മണ്ഡലം ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിനെക്കാള്‍ വോട്ടിംഗ് ശതമാനത്തില്‍ വ്യക്തമായ ആധിപത്യം നേടാന്‍ ജോസ് കെ മാണിക്കായി. 2009ലെ തിരഞ്ഞെടുപ്പില്‍ വൈക്കം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് ലീഡ് നേടിയിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ അനുകൂല സാഹചര്യങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷം കോട്ടയം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂരിപക്ഷം വര്‍ധിപ്പിച്ച് മുന്നേറാന്‍ ജോസ് കെ മാണിക്ക് അനുകൂല ഘടങ്ങളായി വിലയിരുത്തുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, സി പി എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒടുവില്‍ ജനതാദള്‍ എസിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ചുണ്ടായ അനിശ്ചിതത്വം എന്നിവയും ജോസ് കെ മാണിക്ക് ബഹുദൂരം മുന്നേറാന്‍ വഴിവെച്ചു. റബര്‍ വിലയിടിവ് ചൂണ്ടിക്കാട്ടി കോട്ടയം മണ്ഡലത്തില്‍ ഏറെ സ്വാധീനശക്തിയായ റബര്‍ കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണവും ഫലം കണ്ടില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ജോസ് കെ മാണി മേല്‍ക്കൈ സ്വന്തമാക്കിയിരുന്നു. ഈ പ്രവര്‍ത്തനം കൂടുതല്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാക്കാന്‍ ജോസ് കെ മാണിക്ക് സഹായകമായി. തിരഞ്ഞെടുപ്പില്‍ 8,31,057 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണിക്ക് 424194 വോട്ടുകള്‍ ലഭിച്ചു.