സ്വത്ത് തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവം: ജ്യേഷ്ഠന്റെ ഭാര്യാ സഹോദരന്‍ പിടിയില്‍

Posted on: May 15, 2014 12:15 pm | Last updated: May 15, 2014 at 12:15 pm

വണ്ടൂര്‍: സ്വത്ത് തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ജ്യേഷ്ഠന്റെ ഭാര്യ സഹോദരനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഏഴിന് കാരാട് കേലേംപാടത്താണ് സംഭവം. പാറകോട് കോളനിയിലെ പരേതനായ മധുരക്കോടന്‍ നാടിയുടെ മകന്‍ സുന്ദരനാ(33)ആണ് മരണപ്പെട്ടത്. വൈദ്യുതി ലൈന്‍ വലിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. രാത്രി വൈകിയും വീടിന്റെ തറയില്‍ കിടന്നിരുന്ന സുന്ദരനെ വിളിക്കാന്‍ ചെന്ന ഭാര്യയാണ് മരിച്ചുകിടക്കുന്ന നിലയില്‍ സുന്ദരനെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ സുന്ദരന്റെ ജേഷ്ഠന്റെ ഭാര്യാ സഹോദരനെ പോലീസ് പിടികൂടി. മരണത്തിന് ഇയാള്‍ കാരണമായിട്ടുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പടകാളിപറമ്പ് കോളനിയിലെ മണിമല ശിവനെ പോലീസ് പിടികൂടിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് പോലീസ് പറഞ്ഞു. സുന്ദരന്റെ മൃതദേഹം മഞ്ചേരി ജില്ലാആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം കുടുംബസ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: രമണി.മക്കള്‍:സല്‍ജന, സാധിക. സഹോദരങ്ങള്‍: ചക്കി, കാളി, കുട്ടന്‍, ഉണ്ണി, പരേതനായ ചെള്ളി.