ആദ്യ സംഘം 23 ന് പുറപ്പെടും; പഞ്ചാബില്‍ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു

Posted on: May 14, 2014 2:31 am | Last updated: May 14, 2014 at 12:32 am

മാര്‍സ(പഞ്ചാബ്): ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന മര്‍കസ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചാബില്‍ കൂടുതല്‍ ദുരിതാശ്വാസ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മര്‍കസ് തീരുമാനിച്ചു. മിഷന്‍ പഞ്ചാബിന്റെ ഭാഗമായി മര്‍കസില്‍ നിന്നുള്ള ആദ്യ സംഘം 23 ന് പുറപ്പെടും. മാന്‍സ ജില്ലയിലെ ഡെയ്പിലേക്കാണ് സംഘം പുറപ്പെടുന്നത്. പഞ്ചാബ് മുസ്‌ലിംകളെ കുറിച്ചുള്ള പഠനം നടത്താനുള്ള മര്‍കസ് ഗവേഷണ വിഭാഗവും സംഘത്തിലുണ്ട്. പഞ്ചാബില്‍ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളെ സമഗ്രവികസനം സക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. പള്ളികള്‍, മദ്‌റസകള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, വീട് നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, വസ്ത്ര ഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9745004466 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.