ഭര്‍ത്താവില്‍ നിന്ന് വധ ഭീഷണി നേരിടുന്ന യുവതിയും മക്കളും നീതി തേടി അലയുന്നു

Posted on: May 10, 2014 9:23 am | Last updated: May 10, 2014 at 9:23 am

പാലക്കാട്: ഭര്‍ത്താവില്‍ നിന്നും നിരന്തര പീഡനവും വധഭീഷണിയും ഗുണ്ടാ ആക്രമണവും നേരിട്ട യുവതിയും മക്കളും നീതിതേടി അലയുന്നു.വണ്ടിത്താവളം പാറമേട് വീട്ടില്‍ പരേതനായ ബഷീറിന്റെ മകള്‍ രമീനയാണ് 13 വയസുള്ള പെണ്‍കുട്ടിയും ആറുവയസുള്ള ആണ്‍കുട്ടിയുമായി ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഭീഷണി ഭയന്ന് കഴിയുന്നത്.
2000 ത്തിലാണ് കൊടുവായൂര്‍ സ്വദേശി നസീറുമായുള്ള വിവാഹം. വീട്ടിന് സമീപത്തുള്ള മറ്റൊരു യുവതിയുമായി അടുപ്പത്തിലായ ഭര്‍ത്താവ് തന്നെയും മക്കളെയും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടില്‍ നിന്നും അടിച്ചുപുറത്താക്കിയതായി രമീന പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്യ മതത്തിലുള്ള യുവതിയെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റിയശേഷം പെരുവെമ്പ് പനംകുറ്റിയിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. തുടര്‍ന്ന് തത്തമംഗലത്തെ ഒരു വാടകവീട്ടില്‍ കഴിഞ്ഞെങ്കിലും ഭര്‍ത്താവ് എത്തി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി രമീന പറഞ്ഞു. ഇതുസംബന്ധിച്ച് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്ന് വണ്ടിത്താവളം പാറമേട്ടില്‍ അമ്മയോടൊപ്പം താമസമാക്കി. ഇവിടെയും പല തവണ ഗുണ്ടാ ആക്രമണമുണ്ടായി. വീടിന്റെ ജനലുകള്‍ എറിഞ്ഞു തകര്‍ത്തു.ഭര്‍ത്താവിന് കുടുംബസ്വത്തായി ലഭിച്ച സ്ഥലം മുറിച്ചുവിറ്റ് ഇപ്പോള്‍ ധൂര്‍ത്തടിക്കുകയാണ്. രണ്ടാമത് വിവാഹം കഴിച്ചതായി പറയുന്ന യുവതിക്കും സ്ഥലം എഴുതി നല്‍കിയിട്ടുണ്ട്. ആര്‍ ഡി ഏജന്റായ അമ്മയുടെ വരുമാനത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
കുട്ടികള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്താണ് നശിപ്പിക്കുന്നത്. വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും ഭര്‍ത്താവ് ചെലവഴിച്ച് കഴിഞ്ഞു. ഇപ്പോള്‍ മക്കളുമായി ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ്.
മഹല്ല് കമ്മറ്റി ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് വഴങ്ങിയില്ല.നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ പോലീസ് വനിതാ സെല്ലില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. അന്വേഷിച്ച് ചെന്നപ്പോള്‍ രണ്ടുതവണ വിളിച്ചിട്ടും നസീര്‍ ഹാജരാകാതിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് വനിതാ സെല്ലില്‍ നിന്നും അറിയിച്ചത്. പുതുനഗരം, ചിറ്റൂര്‍ പോലീസിലും പരാതി നല്‍കി.
ജീവന് സംരക്ഷണം തേടി അലയുകയാണിവര്‍.എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായൊരു മറുപടി പോലും ലഭിക്കുന്നില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. പത്രസമ്മേളനത്തില്‍ രമീനയുടെ ഉമ്മ ആയിഷ, സഹോദരന്‍ മുഹമ്മദ് ഇഷാഖ്, സാമൂഹ്യ പ്രവര്‍ത്തകന്‍ വി പി നിജാമുദ്ദീന്‍ പങ്കെടുത്തു.—