യുവതിയെ നിരീക്ഷിച്ച സംഭവം: ജഡ്ജിയെ നിയമിച്ചിട്ടില്ലെന്ന് കേന്ദ്രം; പിതാവിന്റെ ഹരജി തള്ളി

Posted on: May 10, 2014 6:00 am | Last updated: May 10, 2014 at 8:15 am

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് ജഡ്ജിയെ നിയമിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപവത്കരിക്കുന്നത് ചോദ്യം ചെയ്ത് യുവതിയുടെ പിതാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ഈ സാഹചര്യത്തില്‍ ഹരജിക്കാരോട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനും പരമോന്നത കോടതി നിര്‍ദേശിച്ചു. അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നകയറ്റമാണെന്ന് ആരോപിച്ചാണ് യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷമാണ് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജഡ്ജിയെ നിയമിക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കിയിരുന്നു.
ജഡ്ജിയെ നിയമിക്കുന്നത് യു പി എ ഘടകക്ഷികളായ എന്‍ സി പിയും നാഷനല്‍ കോണ്‍ഫറന്‍സും എതിര്‍ത്തിരുന്നു. തുടര്‍ന്നത് ജഡ്ജിയെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നു.