‘നമോ’ റൊട്ടി വിതരണം: ഭക്ഷണശാല പോലീസ് പൂട്ടി

    Posted on: May 10, 2014 12:02 am | Last updated: May 9, 2014 at 11:49 pm

    വാരാണസി: നരേന്ദ്ര മോദിയുടെ പേരു സൂചിപ്പിക്കുന്ന ‘നമോ’ ചിഹ്നം ആലേഖനം ചെയ്ത റൊട്ടി വില്‍പ്പന നടത്തിയ ദാബ യു പി പോലീസ് പൂട്ടി. ഏതാനും സംഘടനയുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘അബ് കി ബാര്‍ മോദി സര്‍ക്കാര്‍’ എന്ന് പതിപ്പിച്ചായിരുന്നു വില്‍പ്പന. റൊട്ടികളില്‍ പതിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും മറ്റു ഉപകരണങ്ങളും പോലീസ് കണ്ടുകെട്ടി മുദ്രവെച്ചു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാന്‍ ദാബ ഉടമ വിസമ്മതിച്ചു.
    ദാബയില്‍ വിതരണം ചെയ്യുന്ന റൊട്ടിയില്‍ നാമോ എന്നെഴുതുകയും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ആലേഖനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വാരാണസിയില്‍ മോദി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതു മുതല്‍ നമോ ചിഹ്നവും മോദിയുടെ ചിത്രങ്ങളും ആലേഖനം ചെയ്ത നിരവധി ഉത്പന്നങ്ങളാണ് ബി ജെ പി അനുകൂലികളായ വ്യാപാരികള്‍ വിതരണം ചെയ്യുന്നത്. ഇവക്ക് വലിയ ഡിമാന്‍ഡാണെന്നും വ്യാപാരികള്‍ പറഞ്ഞു.
    ‘നമോ’ എന്ന് ആലേഖനം ചെയ്ത ബലൂണുകളും ജാക്കറ്റുകളും മുതല്‍ ലഡു വരെ വാരാണസിയിലെ വിപണികളിലുണ്ട്. പോലീസിന്റെ നടപടിക്കെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മെയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പതിനാറ് ലക്ഷത്തോളം വോട്ടര്‍മാരാണ് വാരാണസിയില്‍ വിധിയെഴുതാന്‍ കാത്തിരിക്കുന്നത്.