ബാലാവകാശ കമ്മീഷന്‍ സമിതി അട്ടപ്പാടി സന്ദര്‍ശിക്കും

Posted on: May 10, 2014 12:37 am | Last updated: May 9, 2014 at 11:37 pm

തിരുവനന്തപുരം: അട്ടപ്പാടിയിലെ കുട്ടികള്‍ക്കായി ശിശുസംരക്ഷണ വിദ്യാഭ്യാസരീതികള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ രൂപം നല്‍കിയ സമിതി ഈ മേഖല സന്ദര്‍ശിക്കും. മെയ് 13, 14 തീയതികളിലാണ് സന്ദര്‍ശനം.

13നു രാവിലെ പത്തിന് അഗളിയിലെ അഹാഡ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും.
12 മണിക്ക് സന്നദ്ധസംഘടനാപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി അവരില്‍നിന്ന് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സ്വീകരിക്കും. ഉച്ചയ്ക്കുശേഷം സമിതി അട്ടപ്പാടിയിലെ വിവിധ ആദിവാസി മേഖലകളും കമ്മ്യൂണിറ്റി കിച്ചനും സന്ദര്‍ശിക്കും.
14 നു രാവിലെ ഒന്‍പതുമണിക്ക് അംഗനവാടികള്‍ സന്ദര്‍ശിക്കുന്ന സമിതി, നിലവിലുളള ശിശുസംരക്ഷണ വിദ്യാഭ്യാസരീതികള്‍ മനസ്സിലാക്കും.
തുടര്‍ന്ന് ഒരുമണിക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ന്യൂട്രീഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററും സന്ദര്‍ശിക്കും. രണ്ടു മണി മുതല്‍ പെണ്‍കുട്ടികളുമായും സ്ത്രീകളുമായും സമിതി ചര്‍ച്ച നടത്തും.