കിഴക്കന്‍ ഉക്രൈനില്‍ വിമതര്‍ ഹിതപരിശോധനയുമായി മുന്നോട്ട്

Posted on: May 9, 2014 12:45 am | Last updated: May 9, 2014 at 12:45 am

UKRAINE

മോസ്‌കോ/ കീവ്: സ്വയംഭരണത്തിനുള്ള ഹിതപരിശോധന നീട്ടിവെക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ നേരിട്ട് നിര്‍ദേശിച്ചിട്ടും, ഹിതപരിശോധനാ നടപടികളുമായി കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ മുന്നോട്ട്. ഞായറാഴ്ച വോട്ടെടുപ്പ് നടത്താന്‍ നടപടികള്‍ ആരംഭിച്ചതായി വിമതര്‍ പ്രഖ്യാപിച്ചു. ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്നതാണ്. വോട്ടെടുപ്പിനെ എതിര്‍ത്ത് അനുരഞ്ജന സ്വരത്തില്‍ പുടിന്‍ നിലപാടെടുത്തത് പടിഞ്ഞാറിനെ അമ്പരപ്പിച്ചിരുന്നു. ഹിതപരിശോധന ഉക്രൈനിനെ കീറിമുറിക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ പ്രഖ്യാപിച്ചത് പോലെ ഹിതപരിശോധന നടത്താന്‍ ‘പീപ്പിള്‍സ് കൗണ്‍സില്‍’ ഐകകണ്‌ഠ്യേന വോട്ട് ചെയ്തതായി ‘ഡൊനേറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്’ നേതാവ് ദെനിസ് പുഷിലിന്‍ പറഞ്ഞു. ആഭ്യന്തര യുദ്ധം ആരംഭിച്ചിട്ടുണ്ട്. ഹിതപരിശോധന ഇതിന് അറുതിവരുത്തുകയും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കമാകുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിതപരിശോധന നീട്ടിവെക്കണമെന്ന പുടിന്റെ ആഹ്വാനത്തെ അവഗണിച്ച് കൊണ്ടാണ് വിമതരുടെ നീക്കം. ഏറ്റുമുട്ടലിന്റെ പാതയില്‍ നിന്ന് അനുരഞ്ജനത്തിലേക്ക് നീങ്ങുന്നതായി സൂചന നല്‍കുന്നതാണ് പുടിന്റെ പുതിയ നിലപാട്. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കിഴക്കന്‍ നഗരങ്ങളായ ഡൊനേറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും തീവ്രവാദവിരുദ്ധ നടപടികള്‍ തുടരുമെന്ന് ഉക്രൈന്‍ വ്യക്തമാക്കി.
വിമതര്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് തെളിയിക്കാനാണ് റഷ്യയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. റഷ്യന്‍ സമ്പദ്‌മേഖലയെ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഉപരോധങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇതെന്നും വിലയിരുത്തലുണ്ട്. പുടിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും യുദ്ധമുന്നണിയില്‍ നിന്ന് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയിട്ടില്ലെന്ന് നാറ്റോയും അമേരിക്കയും പ്രതികരിച്ചു.
അതിനിടെ, കരയിലും സമുദ്രത്തിലും വായുവിലും ഉള്ള ആണവ സജ്ജീകരണങ്ങള്‍ യുദ്ധസന്നദ്ധമാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു. അത്യാധുനിക മിസൈല്‍ സംവിധാനമുള്ള പടക്കപ്പല്‍ അമേരിക്ക കരിങ്കടലിലേക്ക് അയച്ചിട്ടുണ്ട്.