പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മാറ്റി

Posted on: May 8, 2014 6:00 am | Last updated: May 8, 2014 at 3:40 pm

തിരൂരങ്ങാടി: വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി എം ഫിറോസ്ഖാനെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ വെച്ച് അകാരണമായി മര്‍ദിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യൂത്ത്‌ലീഗ് കമ്മറ്റി ഇന്ന് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് നടത്താന്‍ തീരുമാനിച്ച സ്‌റ്റേഷന്‍ മാര്‍ച്ച് താല്‍ക്കാലികമായി പിന്‍വലിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കുറ്റക്കാരായ തേഞ്ഞിപ്പലം സ്റ്റേഷനിലെ പ്രഷോദ്, മുരളി എന്നിവര്‍ക്കെതിരെ പ്രാഥമിക നടപടി എന്ന നിലയില്‍ ഏ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ക്രൈം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് മാറ്റി വെച്ചത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി ശിക്ഷാ നടപടി സ്വീകരിക്കാതിരുന്നാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ മാസം രണ്ടിനാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് മധ്യസ്ഥനായെത്തിയ ഫിറോസ്ഖാനെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ മര്‍ദ്ധിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡലം യൂത്ത്‌ലീഗ് ഭാരവാഹികളായ കെ റഫീഖ്, നിസാര്‍ കുന്നുമ്മല്‍, മുനീര്‍ , ഗുലാം ഹസ്സന്‍ ആലംഗീര്‍ പങ്കെടുത്തു.