Connect with us

Malappuram

പള്ളിക്കലിന് നഷ്ടമായത് നാടിന്റെ കാരണവരെ

Published

|

Last Updated

പള്ളിക്കല്‍: പള്ളിക്കല്‍ ബസാറിലെ കാരണവരെയാണ് ഇന്നലെ നാട്ടുകാര്‍ക്ക് നഷ്ടമായത്. ദീനിപ്രവര്‍ത്തനങ്ങളിലും നാട്ടിലെ മറ്റു ജനകീയ വിഷയങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന തങ്ങള്‍ക്ക് പ്രാസ്ഥാനിക രംഗത്തും കൃത്യമായ നിലപാടുകളുണ്ടായിരുന്നു.
പള്ളിക്കല്‍ ബസാര്‍ ഹിദായത്തുസ്വിബിയാന്‍ സെക്കന്‍ഡറി മദ്‌റസ കമ്മറ്റി പ്രസിഡന്റായി സേവനം ചെയ്തു കൊണ്ടിരിക്കെയാണ് തങ്ങല്‍ വിടപറയുന്നത്. അഹ്‌ലു ബൈത്തിലെ ഹാബി ഖബീലയിലെ പ്രമുഖനായിരുന്നു വളപ്പില്‍ ചേടകുത്ത് അബ്ദുള്ളക്കോയ തങ്ങള്‍ നാട്ടുകാരുടെ വല്ല്യാപ്പു തങ്ങളായിരുന്നു. സ്‌നേഹത്തോടെ വല്ല്യാപ്പു തങ്ങള്‍ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്റെ സാനിധ്യം മിക്ക പരിപാടികളും നാട്ടുകാര്‍ ഉറപ്പു വരുത്തിയിരുന്നു. പുളിക്കല്‍ മേഖല എസ് വൈ എസ് വൈസ് പ്രസിഡന്റ്, പള്ളിക്കല്‍ പഞ്ചായത്ത് എസ് വൈ എസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സംഘടനക്ക് മേഖലയില്‍ മേല്‍കൈ ഉണ്ടാക്കുന്നതിലും തങ്ങള്‍ വഹിച്ച സേവനം ചെറുതല്ല. സമസ്തയിലെ പിളര്‍പ്പിന്റെ സമയത്ത് സുന്നിപക്ഷത്ത് ഉറച്ചു നിന്ന് നാട്ടിലും സമീപ പ്രദേശത്തും പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് നേതൃപരമായ പങ്കു വഹിക്കാന്‍ തങ്ങള്‍ മുന്നിലുണ്ടായിരുന്നു.
സുന്നി കൈരളിയുടെ ചരിത്രത്തില്‍ എന്നും ജ്വലിച്ച് കിടക്കുന്ന കൊട്ടപ്പുറം സംവാദം ഉള്‍പ്പെടെയുള്ള നിരവധി പ്രാസ്ഥാനിക മുന്നേറ്റങ്ങളുടെ സംഘാടകനായും തങ്ങള്‍ നിറസാനിധ്യമായിരുന്നു. കൊട്ടപ്പുറം സംവാദത്തിലെ മുഖ്യ സംഘാടകനായി തിളങ്ങി നിന്നിരുന്ന തങ്ങള്‍ അടുത്തിടെ നടന്ന കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനത്തിലും സംഘാടകനായി നിറഞ്ഞു നിന്നിരുന്നു. സംഘാടകനായും ഉപദേശകനായും കാര്യദര്‍ശിയായുമൊക്കെ പ്രാസ്ഥാനിക രംഗത്തെ എല്ലാ ചലനങ്ങള്‍ക്കും തങ്ങള്‍ സാനിധ്യമായിരുന്നു.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ അലട്ടുമ്പോഴും ചുറുചുറുക്കോടെ നേതൃരംഗത്ത് തങ്ങളുണ്ടായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രാസ്ഥാനിക നേതാക്കളുമായും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും തങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രദേശത്ത് വലിയ ശൂന്യത പടര്‍ത്തിയാണ് തങ്ങള്‍ വിടവാങ്ങുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് പള്ളിക്കല്‍ ജുമാ മസ്ജിദില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരേതന്റെ ജനാസ സന്ദര്‍ശിച്ചു.

Latest