ലിവര്‍പൂള്‍ കരഞ്ഞു

Posted on: May 7, 2014 9:15 am | Last updated: May 7, 2014 at 9:15 am

article-2621018-1D97C3D700000578-380_634x422ലണ്ടന്‍: മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് ക്രിസ്റ്റല്‍ പാലസിന്റെ ഗംഭീര തിരിച്ചുവരവ് (3-3). ലിവര്‍പൂളിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട സ്വപ്‌നമാണ് ക്രിസ്റ്റല്‍ പാലസിന്റെ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞത്. ഇംഗ്ലണ്ടില്‍ മികച്ച താരത്തിനുള്ള ഇരട്ട പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ കരഞ്ഞു കൊണ്ട് ഗ്രൗണ്ടില്‍ തളര്‍ന്നിരുന്നത് മായാകാഴ്ചയായി. ലിവര്‍പൂള്‍ താരങ്ങള്‍ മാത്രമല്ല, അനുകൂലികളും കണ്ണീരണിഞ്ഞു. ആകെ ശോകമൂകം. ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് നിരാശയിലും സുവാരസിനെ ആശ്വസിപ്പിക്കാനെത്തി. ക്യാമറകള്‍ക്ക് നടുവില്‍ നിന്ന് സുവാരസിനെ താങ്ങിയെടുത്ത് ഡ്രസിംഗ് റൂമിലേക്ക് കൊണ്ടു പോവുകയായിരുന്നു.
സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റല്‍പാലസ് ശക്തരാണെന്ന് പലവട്ടം തെളിയിച്ചതാണ്. ലിവര്‍പൂള്‍ കോച്ച് ബ്രെന്‍ഡന്‍ റോജേഴ്‌സ് എതിരാളിയെ വേണ്ട വിധം ഗൗനിക്കാതെ വിട്ടത് തിരിച്ചടിയായി. അമ്പത്തഞ്ചാം മിനുട്ടില്‍ 3-0ന് മുന്നിലെത്തിയ ലിവര്‍പൂള്‍ ഒമ്പത് മിനുട്ടിനിടെ മൂന്ന് ഗോളുകള്‍ വഴങ്ങിയത് ഞെട്ടിക്കുന്നതായി. പ്രതിരോധം ഒന്ന് ശക്തിപ്പെടുത്തിയിരുന്നെങ്കില്‍ ലിവര്‍പൂളിന് കിരീടസാധ്യത സജീവമാക്കാമായിരുന്നു.
പതിനെട്ടാം മിനുട്ടില്‍ ജോ അലെന്റെ ഹെഡര്‍ ഗോളില്‍ ലിവര്‍പൂള്‍ ഗര്‍ജിച്ചു. രണ്ടാം പകുതിയില്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി ലിവര്‍പൂള്‍ ജയമുറപ്പിച്ചു. ഡാനിയല്‍ സ്റ്ററിഡ്ജും (53) ലൂയിസ് സുവാരസു(55)മായിരുന്നു സ്‌കോറര്‍മാര്‍. എഴുപത്തൊമ്പതാം മിനുട്ടില്‍ ഡാമിയന്‍ ഡിലാനി ആതിഥേയരുടെ ആദ്യ ഗോള്‍ മടക്കി. ഏഴ് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി ഡ്വെയിറ്റ് ഗെയില്‍ വിസ്മയിപ്പിച്ചതോടെ ലിവര്‍പൂളിന്റെ ചിരി മാഞ്ഞു. വിജയ ഗോളിനായി അവര്‍ പരിഭ്രാന്തിയോടെ ഓടി നടന്നെങ്കിലും പാലസ് ഡിഫന്‍സ് വഴങ്ങിയില്ല.

ലീഗ് സീസണില്‍ മുപ്പത്തൊന്നു ഗോളുകള്‍ നേടി സുവാരസ് അലന്‍ഷിയറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പമെത്തി.
പരുക്കേറ്റ ഫിലിപ് കോട്ടീഞ്ഞോ ലിവര്‍പൂളിന്റെ ആദ്യ ലൈനപ്പില്‍ ഇല്ലായിരുന്നു. എന്നാല്‍, ഡാനിയല്‍ സ്റ്ററിഡ്ജിന്റെ തിരിച്ചുവരവ് ക്ലബ്ബ് അനുകൂലികള്‍ക്ക് ആവേശമേകി. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് സ്റ്ററിഡ്ജ് കളിക്കാനിറങ്ങിയത്.

കിരീട സാധ്യതകള്‍
ലിവര്‍പൂളിന് ഇപ്പോള്‍ 37 മത്സരങ്ങളില്‍ 81 പോയിന്റ്. ഒരു കളി മാത്രം ശേഷിക്കെ, 84 പോയിന്റ് നേടാന്‍ മാത്രമേ ലിവര്‍പൂളിന് സാധിക്കൂ.
രണ്ട് മത്സരങ്ങള്‍ ശേഷിക്കെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 80 പോയിന്റുണ്ട്. രണ്ട് കളിയും സിറ്റി തോല്‍ക്കുകയോ, സമനിയാവുകയോ ചെയ്താല്‍ മാത്രം ലിവര്‍പൂളിന് കിരീട സാധ്യത. സിറ്റിക്ക് രണ്ട് മത്സരവും ഹോംഗ്രൗണ്ടിലാണെന്നത് ലിവര്‍പൂളിന്റെ വിദൂര സാധ്യത അസ്ഥാനത്താക്കുന്നു.
പതിനാലാം സ്ഥാനത്തുള്ള ആസ്റ്റന്‍വില്ലയും പന്ത്രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമും മാനുവല്‍ പെല്ലെഗ്രിനിയുടെ സിറ്റിയെ പരീക്ഷിക്കാന്‍ പോന്ന നിരയല്ല. ചെല്‍സിക്ക് 37 മത്സരങ്ങളില്‍ 79 പോയിന്റാണ്. അവസാന മത്സരത്തില്‍ കാര്‍ഡിഫിനെ തോല്‍പ്പിച്ചാല്‍ 82 പോയിന്റാകും.
എവേ മാച്ചാണ് ചെല്‍സിക്ക്. കിരീടസാധ്യത ചെല്‍സിക്കും അവശേഷിക്കുന്നുണ്ട്. അതു പക്ഷേ, ലിവര്‍പൂളും സിറ്റിയും ശേഷിക്കുന്ന മത്സരങ്ങളില്‍ തോറ്റാല്‍ മാത്രം. കാര്‍ഡിഫിനെ തോല്‍പ്പിക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ചെല്‍സിക്ക് 82 ഉം ലിവര്‍പൂളിന് 81ഉം സിറ്റിക്ക് 80ഉം പോയിന്റ്.
വലിയ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ചെല്‍സിക്ക് കിരീടം ഉയര്‍ത്താനാകൂവെന്ന് മാത്രം.