പുതിയ ജനീവ ചര്‍ച്ചയെ പിന്തുണക്കില്ല: റഷ്യ

Posted on: May 7, 2014 7:22 am | Last updated: May 7, 2014 at 8:22 am

മോസ്‌കോ/ കീവ്: ഉക്രൈനിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ പുതിയ ജനീവ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് റഷ്യ. അമേരിക്കയും യൂറോപ്യന്‍ യൂനിയനുമായി തങ്ങളുണ്ടാക്കിയ കഴിഞ്ഞ മാസത്തെ കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ യാതൊരു നടപടിയുമില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നിലപാടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഈ മാസം 25ാം തീയതി ഉക്രൈനില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് എത്തിയ യൂറോപ്യന്‍ സമിതി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ റഷ്യ പിന്തുണച്ചാല്‍ പുതിയ ജനീവ ചര്‍ച്ചയെ പിന്തുണക്കാന്‍ സന്നദ്ധമാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ആന്ദ്രിയ ദെഷ്ചിത്‌സിയ പറഞ്ഞു. തിരഞ്ഞെടുപ്പിനെ പിന്തുണക്കുകയും ഭീഷണി മുഴക്കുന്നതും തീവ്രവാദികളെ പിന്തുണക്കുന്നതും റഷ്യ അവസാനിപ്പിക്കുകയും ചെയ്താല്‍ ചര്‍ച്ചയെ പിന്തുണക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഉക്രൈന്‍ ഭരണകൂടം. കിഴക്കന്‍ മേഖലയിലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സ്വീകരിച്ച സൈനിക നടപടിയില്‍ നാല് സൈനികരും 30 വിമതരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ ആഭ്യന്തര മന്ത്രി ആഴ്‌സന്‍ അവാകോവ് പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷത്തിന് അയവ് വന്നതായി അദ്ദേഹം അറിയിച്ചു.