ഉക്രൈന്‍ സംഘര്‍ഷം: പ്രത്യാഘാതം യൂറോപ്പ് മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യ

Posted on: May 5, 2014 11:29 pm | Last updated: May 5, 2014 at 11:29 pm

കീവ്: ഉക്രൈനിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം യൂറോപ്യന്‍ രാജ്യങ്ങള്‍ മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ ഉക്രൈനും ലോക സമൂഹവും സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഗോത്ര സംഘര്‍ഷങ്ങളും വംശീയ സംഘട്ടനങ്ങളും നാസികളെ മഹത്വവത്കരിക്കുന്നതും അവസാനിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഉക്രൈന്‍ സൈന്യത്തില്‍ നിന്നുള്ള പ്രത്യാക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ സ്‌ളോവിയന്‍സ്‌കില്‍ നിന്ന് പിന്‍വാങ്ങി. നഗരപ്രാന്തത്തിലുള്ള ഒരു ടി വി ടവറിന്റെ നിയന്ത്രണം ഉക്രൈന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതായും ഇതേത്തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ കൂടുതല്‍ ഉള്ളിലേക്ക് പിന്‍വലിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെയുള്ള ദിവസങ്ങളില്‍ നിന്ന് ഉപരിയായി ശക്തമായ വെടിയൊച്ചകള്‍ പ്രദേശങ്ങളില്‍ നിന്ന് കേള്‍ക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. അതേസമയം, തുടര്‍ന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളില്‍ നിരവധി ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ ആഭ്യന്തര മന്ത്രി ആര്‍സെന്‍ അവാക്കോവ് വ്യക്തമാക്കി. അതേസമയം എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്ക് കൃത്യമായി ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഉക്രൈന്‍ സൈന്യത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ എട്ട് ഉക്രൈന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിരവധി ആംബുലന്‍സുകളും ആയുധസജ്ജമായ വാഹനങ്ങളും കാണാന്‍ കഴിഞ്ഞതായും റോയിട്ടേഴ്‌സ് വ്യക്തമാക്കി.
സ്‌ളോവിയന്‍സ്‌കിലെ റഷ്യന്‍ അനുകൂല തോക്കുധാരികള്‍ ഉക്രൈന്‍ സൈന്യത്തെ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങളിലേക്ക് ഉക്രൈന്‍ സൈനികരുടെ കടന്നുകയറ്റം പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണ്. നഗരത്തിലേക്കുള്ള പ്രധാന പാതയും ഉക്രൈന്‍ സൈന്യം അടച്ചിട്ടു. സ്‌ളോവിയന്‍സ്‌ക് നഗരപ്രാന്തത്തില്‍ വെച്ച് രണ്ട് ഉക്രൈന്‍ ഹെലികോപ്റ്ററുകള്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ വെടിവെച്ചിട്ടതിന് ശേഷമാണ് ഉക്രൈന്‍ സൈന്യം പ്രദേശത്ത് കൂടുതല്‍ ജാഗ്രത കാണിക്കുന്നത്. ഉക്രൈനിന്റെ വളരെ പ്രധാനപ്പെട്ട ഒരു നഗരം ഇപ്പോള്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്തിരിക്കുകയാണ്.
ഉക്രൈന്‍ തുറമുഖ നഗരമായ ഒഡേസയില്‍ ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സിനി റഷ്യക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഉക്രൈനിനെയും ആ രാജ്യത്തിന്റെ രാഷ്ട്ര സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന നിലപാടാണ് റഷ്യ സ്വീകരിക്കുന്നതെന്നാണ് അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്. അതേസമയം കീവിന് പ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ കെട്ടിടത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികളായിരുന്നു.