ബസ് സമരം; ജനം പെരുവഴിയില്‍

Posted on: May 4, 2014 9:30 am | Last updated: May 4, 2014 at 9:30 am

കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ടു കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ ജില്ലയില്‍ ബസ് സര്‍വീസുകള്‍ നിശ്ചലമായി. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അന്യജില്ലകളില്‍ നിന്നുള്ള ബസുകള്‍ സര്‍വീസ് നടത്തിവരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ന്നില്ല. തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ട ബോണസ് നല്‍കാന്‍ ബസ് ഉടമകള്‍ തയ്യാറാവാത്തതായിരുന്നു കാരണം. ബസ് ഉടമകളെ പ്രതിനിധീകരിച്ച് വി ജെ സെബാസ്റ്റ്യന്‍, കെ രാജ്കുമാര്‍. പി കെ പവിത്രന്‍. സംയുക്ത സമര സമിതിക്ക് വേണ്ടി ക്യഷ്ണന്‍. കെ ജയരാജന്‍. താവം ബാലക്യഷ്ണന്‍. എം എ കരീം, പി സൂര്യദാസ്, സത്യന്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സമര സഹായ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നാളെ മുതല്‍ ബസുടമകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ബസ് സമരം യാത്രക്കാരെ വലച്ചിട്ടുണ്ട്. ടാക്‌സി വാഹനങ്ങള്‍ സമാന്തര സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതം രൂക്ഷമാണ്. കെ എസ് ആര്‍ ടി സി ബസുകളില്‍ വലിയ തിരക്കാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ടത്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് കൂത്തുപറമ്പ് റൂട്ടില്‍ രണ്ടുബസുകളും തലശ്ശേരി റൂട്ടില്‍ ഒരു ബസും അധികമായി സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ സര്‍വീസ് നടത്താന്‍ ഡിപ്പോയില്‍ ബസുകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. 2013-14 വര്‍ഷത്തേക്ക് 25 ശതമാനം ബോണസും ഡി എയും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്. സമരം പ്രഖ്യാപിച്ച തൊഴിലാളികളോട് ബസ് ഉടമകള്‍ ധിക്കാരപരമായാണ് പെരുമാറുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ 10,000 രൂപക്ക് മേല്‍ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് ബോണസിനുള്ള അവകാശമില്ലെന്നും അവര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നുമാണ് ബസ് ഉടമകളുടെ പക്ഷം.
തലശ്ശേരി: ബസ് സമരം തലശ്ശേരിയിലും പൂര്‍ണമായിരുന്നു. കെ എസ് ആര്‍ ടി സിയും ജീപ്പ്, വാന്‍, ടാക്‌സി വാഹനങ്ങളും പതിവ് യാത്രക്കാരുടെ രക്ഷക്കെത്തി. അന്യജില്ലകളില്‍ നിന്നുള്ള സ്വകാര്യബസുകളും തടസമില്ലാതെ സര്‍വീസ് നടത്തി. ലോക്കല്‍ ബസുകള്‍ ഓട്ടം നിര്‍ത്തിവെച്ചത് കാരണം നഗരത്തില്‍ പതിവുള്ള തിരക്കുണ്ടായില്ല.