മരുന്നടി: ടൈസണ്‍ ഗേയുടെ ഒളിമ്പിക് മെഡല്‍ തിരിച്ചെടുത്തു

Posted on: May 4, 2014 12:10 am | Last updated: May 4, 2014 at 12:29 am

ന്യൂയോര്‍ക്ക് : ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട അമേരിക്കയുടെ സ്പ്രിന്റര്‍ ടൈസണ്‍ ഗേക്ക് ഒളിമ്പിക് മെഡല്‍ നഷ്ടം. ഒരു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തി യു എസ് ആന്റി ഡോപ്പിംഗ് അസോസിയേഷ (ഉസാഡ)ന്‍ ശിക്ഷാ നടപടി സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം ശേഖരിച്ച മൂത്ര സാംപിളുകളില്‍ നിരോധിത അനബോളിക് സ്റ്റിറോയിഡുകളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉസാഡ മെഡല്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡലാണ് ടൈസണ്‍ ഗേക്ക് നഷ്ടമായത്. ഗേയുടെ പേരിലായിരുന്ന ഒളിമ്പിക് നൂറ് മീറ്ററിലെ എക്കാലത്തേയും മികച്ച നാലാം സ്ഥാന പ്രകടനവും റദ്ദാക്കപ്പെട്ടു. അതേ സമയം വിലക്ക് ഗേയെ കാര്യമായി ബാധിക്കില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നാണ് സാംപിള്‍ ശേഖരിച്ചത്. അതിനാല്‍ ഒരു വര്‍ഷ വിലക്ക് അടുത്ത മാസം അവസാനിക്കും. ജൂണ്‍ 26ന് ആരംഭിക്കുന്ന യു എസ് ഔട്ട്ഡൂര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം ഇതേ ചാമ്പ്യന്‍ഷിപ്പിനിടെ ശേഖരിച്ച സാംപിളുകളിലാണ് ഗേ കുടുങ്ങിയത്.