Kollam
സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധിപ്രതിമ പത്തനാപുരത്ത് യാഥാര്‍ഥ്യമാകുന്നു

കൊല്ലം: കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ഗാന്ധിപ്രതിമ കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനില്‍ യാഥാര്‍ഥ്യമാകുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രൂപത്തിലാണ് ഗാന്ധിജിയുടെ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. പാദം തൊട്ട് ശിരസ്‌വരെ 24 അടി ഉയരമുള്ള പ്രതിമയുടെ അവസാന മിനുക്ക് പണികള്‍ നടന്നുവരികയാണ്. ഗീതോപദേശം നല്‍കുന്ന ഭാവത്തിലുള്ളതാണ് ഗാന്ധി പ്രതിമ.
കേരളത്തിനകത്തും പുറത്തും പ്രതിമയും ചുവര്‍ ചിത്രങ്ങളും ശില്‍പങ്ങളും നിര്‍മിച്ച് ശ്രദ്ധേയനായ ചവറ വിജയനാണ് ശില്‍പി. നാല് പേരാണ് സഹായികളായി പ്രവര്‍ത്തിച്ചത്.കൊല്ലം കടപ്പുറത്ത് 66 അടി നീളത്തില്‍ പണിതീര്‍ത്ത സാഗര കന്യക, കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ബുദ്ധന്‍ 99, ഭരണിക്കാവിലെ മന്നം പ്രതിമ, ചാത്തന്നൂരിലെ ശിവ പ്രതിമ, തിരുവനന്തപുരത്ത് കുമാരനാശാന്റെ വെങ്കല പ്രതിമ, എസ് എ രാജ ഡെന്റല്‍ കോളജിലെ ബുദ്ധ പ്രതിമ, കോയമ്പത്തൂരിലെ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യ എന്നിവരുടെ പ്രതിമ തുടങ്ങിയ നിരവധി രൂപങ്ങളാണ് വിജയന്റെ കരവിരുതില്‍ യാഥാര്‍ഥ്യമായത്.
ഈ മാസം ഒമ്പതിന് പത്തനാപുരം ഗാന്ധിഭവനില്‍ പ്രതിമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്യും. ഇതോടൊപ്പം മഹാത്മജിയുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള മഹാത്മാ ഗാന്ധി സമ്മാന്‍ ദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും.