Connect with us

Kannur

വന്യമൃഗ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: വന്യമൃഗ പരിചരണത്തിനായി പ്രത്യേക പരിശീലനം നേടിയ ആദിവാസികളുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് അടുത്ത മാസം പുറത്തിറങ്ങുന്നു. ആദിവാസികളടങ്ങുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വന്യ മൃഗ പരിചരണത്തിന് ഊന്നല്‍ കൊടുക്കാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ വെറ്ററിനറി സര്‍വകലാശാല തുടങ്ങിയ പരിശീലനം പൂര്‍ത്തിയാക്കിയ 60ഓളം പേരാണ് അടുത്ത മാസം പുറത്തിറങ്ങുക.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ ആനിമല്‍ ഹാന്‍ഡ്‌ലേഴ്‌സ് സൂ ആന്‍ഡ് ഫോറസ്റ്റ് എന്ന പേരിലുള്ള ആറ് മാസ കോഴ്‌സ് കഴിഞ്ഞ ഡിസംബറിലാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കേന്ദ്രങ്ങളില്‍ ആരംഭിച്ചിരുന്നത്. യാതൊരു പരിശീലനവുമില്ലാതെ സാധാരണ ജീവനക്കാര്‍ ചെയ്യുന്ന വന്യമൃഗ പരിചരണ ജോലി ഇനി മുതല്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് കൈയാളുക. ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും ജോലി നല്‍കാനും തത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മൃഗശാലകളിലെ വന്യ മൃഗങ്ങള്‍, കാട്ടില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്ന മൃഗങ്ങള്‍ എന്നിവയെ പരിചരിക്കുന്നതിനുള്ള പരിശീലനമാണ് വന്യ മൃഗ പരിചരണ പഠനത്തിലൂടെ നല്‍കുന്നത്. രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു പരിശീലനമില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്. സര്‍വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റായതിനാല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ കേരളത്തിന് പുറത്തും ജോലി സാധ്യതയുണ്ട്.
വന്യ മൃഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും അവ കാട്ടിനകത്ത് അവശനിലയില്‍ ദിവസങ്ങളോളം കഴിയുകയും ദാരുണമായി മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ തോതില്‍ കൂടുകയാണ്. ഇത്തരത്തില്‍ മരിക്കുന്ന ആനകളുള്‍പ്പെടെയുള്ളവയുടെ വാര്‍ഷിക കണക്ക് അമ്പരപ്പിക്കുന്നതാണെന്ന് വന പരിപാലകര്‍ പറയുന്നു.
ഒരു മാസത്തിനകം പത്തിലധികം ആനകള്‍ പലയിടത്തായി ചരിഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണ പ്രശ്‌നങ്ങളാലും ആയുധങ്ങള്‍ കൊണ്ടും മറ്റ് മൃഗങ്ങളുടെ അക്രമങ്ങള്‍ കൊണ്ട് പരുക്കേറ്റും കാടിന് വെളിയിലെത്തി ദിവസങ്ങളോളം അവശനിലയില്‍ കാണപ്പെടാറുള്ള മൃഗങ്ങളെ ചികിത്സിക്കാന്‍ വനം വകുപ്പിന് കഴിയാറില്ല.
പുതുതായി പരിശീലനം ലഭിച്ചവര്‍ക്ക് വെറ്ററിനറി വകുപ്പിലെ പ്രധാന ഡോക്ടര്‍മാര്‍ എത്തും മുമ്പേ ഇത്തരം മൃഗങ്ങള്‍ക്ക് ആവശ്യമായ പ്രഥമ പരിചരണം നല്‍കി രക്ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ ബാച്ച് പുറത്തിറങ്ങിയാലുടന്‍ കൂടുതല്‍ പേരെയുള്‍പ്പെടുത്തി അടുത്ത ബാച്ചിനുള്ള സജ്ജീകരണങ്ങള്‍ വെറ്ററിനറി സര്‍വകലാശാല ഒരുക്കും.