Connect with us

Wayanad

മഞ്ചൂര്‍ തേയില ഫാക്ടറിയില്‍ അഗ്നിബാധ; കോടി രൂപയുടെ നഷ്ടം

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മഞ്ചൂര്‍ കിണ്ണകോറൈ സഹകരണ തേയില ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക്് അഗ്നിബാധയുണ്ടായത്.
അഗ്നിബാധയില്‍ ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. തേയില ചപ്പ് സംസ്‌കരിക്കുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് തീപടര്‍ന്നു പിടിക്കുകയായിരുന്നു. ചായപ്പൊടികളും സംസ്‌കരിക്കാന്‍ വെച്ചിരുന്ന പച്ചതേയിലയും കത്തിനശിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള യന്ത്രങ്ങളും കത്തിനശിച്ചു. ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് പത്ത് തൊഴിലാളികളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്.
ഊട്ടി, കുന്നൂര്‍ എന്നിവിടങ്ങളിലെ അഗ്നിശമന സേന എത്തിയപ്പോഴേക്കും ഫാക്ടറി മുഴുവനും കത്തി നശിച്ചിരുന്നു. വൈദ്യുതി സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആയിരത്തില്‍പ്പരം കര്‍ഷകരാണ് പ്രസ്തുത ഫാക്ടറിയില്‍ പച്ചതേയില നല്‍കുന്നത്. അടച്ചുപൂട്ടിയിരുന്ന ഫാക്ടറി ജനങ്ങളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. മഞ്ചൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
സംസ്ഥാന തൊഴില്‍ മന്ത്രി പി മോഹന്‍, ജില്ലാകലക്ടര്‍ പി ശങ്കര്‍, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, ടീ ബോര്‍ഡ് ഡയറക്ടര്‍ അമ്പലവാണന്‍ തുടങ്ങിയവര്‍ ഫാക്ടറി സന്ദര്‍ശിച്ചു.