Connect with us

Articles

ദേവന്‍ ഒരു ബഹുമുഖ പ്രതിഭ

Published

|

Last Updated

CCCCCCCCCCCCCCCCCഎം വി ദേവന്റെ നിര്യാണം മൂലം കേരളത്തിന് ഏറ്റവും വലിയ ഒരു ധിഷണാശാലിയെ ആണ് നഷ്ടപ്പെട്ടത്. ചിത്രകാരന്‍, എഴുത്തുകാരന്‍, ചിന്തകന്‍, ശില്‍പി, ആര്‍ക്കിടെക്റ്റ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭയാണ് നമ്മെ വിട്ടു പോയത്. അത്രത്തോളം തന്നെ അദ്ദേഹത്തിന്റെ അഭാവം വലിയ ശൂന്യത ഉണ്ടാക്കും. ഇതില്‍ ഏറ്റവും അധികം നഷ്ടബോധം തോന്നുന്നത് മറ്റൊരു കാര്യത്തിലാണ്. ഒരു തൂമ്പയെ മുഖത്തു നോക്കി “തൂമ്പ” എന്ന് വിളിക്കാന്‍ ചങ്കൂറ്റം ഉണ്ടായിരുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹം. നമ്മുടെ കേരള സമൂഹത്തില്‍ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു ജനുസ്സില്‍ അവശേഷിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ദേവന്‍.
എല്ലാവര്‍ക്കും അറിയുന്നതു പോലെ, ദേവനെ പുറം ലോകം അറിയുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഇല്ലസ്‌ട്രേഷന്‍ വഴിയാണ്. അന്‍പതുകളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും ഉറൂബിന്റെയുമൊക്കെ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും വേണ്ടി ദേവന്‍ വരച്ച ചിത്രങ്ങള്‍, മലയാളികളുടെ സാഹിത്യ ആസ്വാദനത്തെ ഒട്ടൊന്നുമല്ല ഉണര്‍ത്തിയത്. ബഷീറിന്റെ ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമായും മണ്ടന്‍ മുത്തപയും എല്ലാം ദേവന്റെ വര കൂടി വന്നപ്പോള്‍ മലയാളികളുടെ മനസ്സില്‍ സ്ഥിര താമസക്കാരാകുകയായിരുന്നു. ദേവന്‍ ഏറ്റവും നന്നായി വരച്ചത് ബഷീറിനു വേണ്ടി ആയിരുന്നു എന്നതില്‍ അത്ഭൂതമില്ല. അവര്‍ തമ്മില്‍ അങ്ങനെ ഒരു രസതന്ത്രം ഉണ്ടായിരുന്നു. ഒഴിഞ്ഞുമാറി നടന്ന ബഷീറിനെക്കൊണ്ട് മധ്യവയസ്സ് കഴിഞ്ഞതിനു ശേഷം പെണ്ണ് കെട്ടിച്ചതിലെ പ്രധാന പരികര്‍മിയും ദേവന്‍ ആയിരുന്നല്ലോ. വളരെ കുറച്ചു കാലം മാത്രമേ ദേവന്‍ ഇല്ലസ്‌ട്രേഷന്‍ രംഗത്ത് നിന്നുള്ളൂ. ആ ചെറിയ കാലത്തിനുള്ളില്‍ ചെയ്ത കാര്യങ്ങള്‍ കൊണ്ടുതന്നെ, അദ്ദേഹം നമ്പൂതിരിയുടെയും എ എസ്സിന്റെയും ഒപ്പം കേരളം കണ്ട ഏറ്റവും പ്രതിഭയുള്ള ഇല്ലസ്‌ട്രേഷന്‍കാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടി.
വലിയ പ്രതീക്ഷ ഉണ്ടാക്കിയ ഒരു ചിത്രകാരന്‍ ആയിരുന്നു ദേവന്‍. കെ സി എസ് പണിക്കരുടെ സ്‌കൂളില്‍ പ്രമുഖനായ ഒരു അംഗം ആയിരുന്നു ദേവന്‍. മദ്രാസിലെ ചോളമണ്ഡലത്തിലെ ചിത്രകലാ സ്‌കൂളിന്റെ വളര്‍ച്ചയില്‍ ദേവന്റെ വലിയ സംഭവനകള്‍ ഉണ്ട്. അക്കാലത്തും പിന്നീടും ദേവന്‍ വരച്ച പല ചിത്രങ്ങളും വലിയ നിലവാരം പുലര്‍ത്തിയവയാണ്. പക്ഷേ, എന്തുകൊണ്ടോ ദേവന്‍ ചിത്രം വരയില്‍ പലരും പ്രതീക്ഷിച്ചതു പോലെ തുടര്‍ന്നില്ല. നഷ്ടം ഉണ്ടായത് ദേവനല്ല; നമുക്കാണ്. എങ്കിലും കേരളത്തില്‍ ചിത്രകലയും ശില്‍പ്പകലയും വളര്‍ന്നു വരാന്‍ ഉള്ള പ്രയത്‌നങ്ങള്‍ അദ്ദേഹം തുടര്‍ന്നു. ദേവന്റെയും സി എന്‍ കരുണാകരന്റെയും കാനായി കുഞ്ഞിരാമന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് എറണാകുളത്ത് കേരള കലാപീഠം സ്ഥാപിച്ചതും പ്രവര്‍ത്തനം ആരംഭിച്ചതും. മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ സ്ഥാപകനും ഒരര്‍ഥത്തില്‍ ദേവന്‍ തന്നെ ആയിരുന്നു.
തന്റെ മദിരാശി ജീവിത കാലത്താണെന്ന് തോന്നുന്നു അദ്ദേഹം എം ഗോവിന്ദനെ പരിചയപ്പെടുന്നത്. ഈ രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വ്യക്തിപരവും ആശയപരവുമായ അടുപ്പം മലയാളി സമൂഹത്തിനു നല്‍കിയ പുതിയ ദിശാബോധം നാം ഒരു പഠനത്തിന് ഇനിയും വിധേയമാക്കിയിട്ടില്ല. എം എന്‍ റോയിയുടെ ആശയങ്ങള്‍, പ്രത്യേകിച്ചും ഹ്യൂമനിസം, വളരെ ചെറിയ ഒരു വൃത്തത്തില്‍ ആണെങ്കിലും, നമ്മുടെ ചിന്താരീതിയെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി. എം ഗോവിന്ദനും എം വി ദേവനും സി ജെ തോമസും എന്‍ ദാമോദരനും പി കെഎ റഹീമും എം ജി എസ് നാരായണനും ഒക്കെ അടങ്ങിയ ഒരു കൂട്ടായ്മ നമ്മുടെ സാമ്പ്രദായിക ചിന്തയുടെ പൊള്ളത്തരം നമുക്ക് പതുക്കെ കാട്ടിത്തരികയായിരുന്നു. കമ്മ്യൂണിസത്തിന് അപ്പുറം എന്ത് എന്ന അന്വേഷണത്തില്‍ ആയിരുന്നു ഈ ചെറിയ വലിയ മനുഷ്യര്‍. മലയാളിയെ പരിചയമില്ലാത്ത ഒരു പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച വ്യക്തികളില്‍ ഏറ്റവും പ്രമുഖനായ ഒരാള്‍ എന്ന നിലക്കായിരിക്കും ദേവനെ ചരിത്രം അടയാളപ്പെടുത്തുക.
കമ്മ്യൂണിസത്തിന് അപ്പുറം എന്തോ ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടാകാം ദേവന് പലപ്പോഴും ഇ എം എസ്സിനെ അതിനിശിതമായി വിമര്‍ശച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതേണ്ടി വന്നത്. ഇ എം എസ്സിനെ, ഒരു വ്യക്തി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ആദരിക്കുമ്പോഴും അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകളും അബദ്ധങ്ങളും തുറന്നു കാണിക്കാന്‍ ദേവന് ഭയമോ സങ്കോചമോ ഉണ്ടായിരുന്നില്ല. ഇ എം എസ്സിന്റെ വീക്ഷണങ്ങളെ വിമര്‍ശിച്ച് ദേവന്‍ എഴുതിയ ലേഖനങ്ങള്‍ ഒരു ചരിത്ര വിദ്യാര്‍ഥിക്ക് പറ്റിയ പഠന വിഷയമാണ്.
ദേവന്‍ നല്ല ഒരു ആര്‍ക്കിടെക്റ്റും ആയിരുന്നു. ബേക്കറിന്റെ കെട്ടിട നിര്‍മാണ രീതിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ രീതിയില്‍ ചെലവ് കുറഞ്ഞ, എന്നാല്‍ താമസിക്കാന്‍ വളരെ സുഖമുള്ള ഒരുപാട് വീടുകള്‍ ദേവന്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും ദേവന്‍ വഹിച്ചു.
മനുഷ്യന്റെ സ്വാതന്ത്ര്യം തന്നെയായിരുന്നു ദേവന്റെ ഇഷ്ട വിഷയം. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എം ഗോവിന്ദനെപ്പോലെ ദേവനും കമ്മ്യൂണിസ്റ്റുകാരുമായി സദാ കലഹിക്കേണ്ടി വന്നത്. എന്നാല്‍ ഈ കലഹങ്ങള്‍ ഒരിക്കലും ഒരു സാമ്പ്രദായിക രാഷ്ട്രീയത്തില്‍ നിന്നു കൊണ്ടായിരുന്നില്ല. കമ്മ്യൂണിസം മനുഷ്യന്റെ വളര്‍ച്ചയിലെ വലിയ ഒരു നാഴികക്കല്ലാണെന്ന് ദേവന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അത് അവസാന വാക്കാണെന്ന അബദ്ധ ധാരണ ദേവന് ഉണ്ടായിരുന്നില്ല. കമ്മ്യൂണിസത്തിന് അപ്പുറത്ത് മാനവികതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു ദര്‍ശനം ഉരുത്തിരിഞ്ഞു വരണമെങ്കില്‍ മനുഷ്യ മനസ്സുകള്‍ സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങണം എന്ന കാര്യത്തിലും ദേവന് സംശയം ഉണ്ടായിരുന്നില്ല. തന്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ദേവന്‍ ശ്രമിച്ചത് മനുഷ്യനെ സ്വന്തം നിലക്ക് ചിന്തിക്കാന്‍ ശേഷി ഉള്ളവന്‍ ആക്കാനാണ്. ഇതാണ് തന്റെ പ്രധാന ധര്‍മം എന്ന് തിരിച്ചറിഞ്ഞ ദേവന്‍, ഒരു ചിത്രകാരന്‍ എന്ന നിലക്കോ ഒരു ശില്‍പ്പി എന്ന നിലക്കോ തനിക്ക് കൈവരിക്കാന്‍ സാധിക്കുമായിരുന്ന പണത്തെക്കുറിച്ചും പ്രശസ്തിയെക്കുറിച്ചും തികഞ്ഞ ബോധവും ഉണ്ടായിരുന്നു. നഷ്ടപ്പെട്ട പണത്തെ കുറിച്ചോ പ്രശസ്തിയെ കുറിച്ചോ അദ്ദേഹം ഒരിക്കലും വ്യാകുലചിത്തനുമായിരുന്നില്ല. ആധുനിക മലയാളിക്ക് മനസ്സിലാക്കാന്‍ ഏറെ പ്രയാസം ഉള്ള ഒരു ധന്യ ജീവിതത്തിനാണ് തിരശ്ശീല വീണത്.