Connect with us

Malappuram

ഹാജിമാരില്‍ കൂടുതല്‍ പേര്‍ സ്ത്രീകള്‍

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനു അവസരം ലഭിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകള്‍. ഈ വര്‍ഷം ലഭിച്ച ക്വാട്ടയായ 6054ല്‍ 3061 പേര്‍ സ്ത്രീകളും 2993 പേര്‍ പുരുഷന്മാരുമാണ്. ഇതിനു പുറമെ ആറ് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുള്‍പ്പടെ തങ്ങളുടെ രക്ഷിതാക്കള്‍ക്കൊപ്പം ഹജ്ജിനു പുറപ്പെടുന്നുണ്ട് .ഹജ്ജിനു അവസരം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ( 1669 ) കുറവ് പത്തനംതിട്ട ജില്ലയില്‍ നിന്നുമാണ് (25).
അതിനിടെ സുപ്രീം കോടതി നിയോഗിച്ച ഹജ്ജ് ഹൈ പവര്‍ കമ്മിറ്റി അടുത്ത മാസം 15നു കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തും. കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ യാത്രയയപ്പും ഹാജിമാരുടെ തിരിച്ച് വരവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ കുറ്റമറ്റ രൂപത്തില്‍ നടക്കുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. ഇതേപറ്റി കൂടുതല്‍ പഠിക്കുന്നതിനാണ് ഹൈ പവര്‍ കമ്മിറ്റി കേരത്തിലെത്തുന്നത്.
ഹജ്ജിനു അവസരം ലഭിച്ച ഹാജിമാര്‍ ഒന്നാം ഗഢുവായ 81,000 രൂപ ഈ മാസം പത്തിനകം സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അടക്കണം. പണം അടച്ചതിന്റെ ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭ്യമാക്കണം.

Latest