Connect with us

Kasargod

മടക്കാല്‍ ബണ്ട് പൊട്ടിച്ച് പൈപ്പിടും: ജനകീയ യോഗത്തില്‍ പരിഹാരമായി

Published

|

Last Updated

തൃക്കരിപ്പൂര്‍: മാടക്കാല്‍ ബണ്ടില്‍ പായലും ചെളിയും അടിഞ്ഞുകൂടി പരിസര മലിനീകരണവും ആരോഗ്യപ്രശ്‌നവും ഉടലെടുത്ത പ്രശനത്തിന് ജനകീയ യോഗത്തില്‍ പരിഹാരമായി. ബണ്ട് പൊളിച്ച് പുഴയില്‍ പൈപ്പിട്ട് നീരൊഴുക്ക് പുനഃസ്ഥാപിക്കാനാണ് ഇന്നലെ ബണ്ട് പരിസരത്ത്‌കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായത്.
മാടക്കാല്‍ ബണ്ട് പരിസരത്ത് ചേര്‍ന്ന ജനകീയയോഗത്തിലാണ് പ്രദേശത്തെ ജനങ്ങള്‍ മാസങ്ങളായി അനുഭവിക്കുന്ന മലിനീകരണ പ്രശനത്തിന് പരിഹാരാമായത്.ഇതുപ്രകാരം ബണ്ടിന്റെ മധ്യത്തിലായി 90 സെന്റീമീറ്റര്‍ വ്യാസമുള്ള രണ്ടു പൈപ്പുകള്‍ സ്ഥാപിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള 8 ലക്ഷം രൂപ ചെലവിലാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി നടത്തുക.
മാടക്കാലിലേക്കുള്ള ഗതാഗത സൗകര്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് കവ്വായി കായലില്‍ ഏകദേശം കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബണ്ട് നിര്‍മിച്ചത്. എന്നാല്‍ പുഴയുടെ നീരൊഴുക്ക് തടഞ്ഞുള്ള പദ്ധതിയായതിനാല്‍ വേനല്‍ക്കാലങ്ങളില്‍ പായലും ചെളിയും അടിഞ്ഞുകൂടി ബണ്ട് പരിസരം ദുര്‍ഗന്ധം മൂലവും അനുബന്ധമായി ആരോഗ്യപ്രശനവും ഉടലെടുത്തിരുന്നു. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ബണ്ട് പൊട്ടിക്കാനുള്ള നടപടികളിലെത്തിയത്.
ജനകീയ യോഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് പി ശ്യാമള, വി കെ ബാവ, പി പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിര്‍മാണ പ്രവൃത്തി നിയന്ത്രിക്കാന്‍ എംദാമോദരന്‍ (ചെയര്‍.), വി ടി ഷാഹുല്‍ ഹമീദ് (കണ്‍.) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചു.