ലോക മുത്തച്ഛന്‍ 111 ാമത്തെ വയസ്സില്‍ അന്തരിച്ചു

Posted on: April 28, 2014 11:00 am | Last updated: April 28, 2014 at 11:00 am

ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ 111 ാമത്തെ വയസ്സില്‍ മരിച്ചു. ഇറ്റലിയിലെ അര്‍തുറോ ലിക്കാറ്റയാണ് 112ാമത്തെ ജന്മദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മരിച്ചത്. മരിക്കുമ്പോള്‍ 111 വയസ്സും 302 ദിവസവും പ്രായമുണ്ടായിരുന്നു. 2014 ഫെബ്രുവരി 28ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് ബുക്കില്‍ അര്‍തുറോ ലിക്കാറ്റ റെക്കോര്‍ഡിട്ടിരുന്നു. റൈറ്റ് സഹോദരന്‍മാരുടെ ആദ്യ വിമാനം പറന്നുയരുന്നതിന് മുമ്പ് ജനിച്ച ലിക്കാറ്റയുടെ മരണ വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എഡിറ്റര്‍ ക്രൈഗ് ഗ്ലെന്‍ഡെ അനുശോചിച്ചു. ഇനി 111 വയസ്സ് കഴിഞ്ഞ മൂന്ന് പേര്‍ മാത്രമാണ് ലോകത്ത് ജീവിച്ചിരിക്കുന്നത്. ഏഴ് മക്കള്‍, പേരമക്കളുടെ എട്ട് പേരമക്കള്‍ എന്നിവരാണ് കുടുംബാംഗങ്ങള്‍. ഭാര്യ റോസ 1980 ല്‍ മരിച്ചിരുന്നു. ആ സമയത്ത് ലിക്കാറ്റക്ക് 78 വയസ്സായിരുന്നു പ്രായം. ഇറ്റലിയെ എന്ന നഗരത്തില്‍ 1902 മെയ് രണ്ടിനാണ് ലിക്കാറ്റ ജനിച്ചത്. 1921ല്‍ 19 വയസ്സുള്ളപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1939ല്‍ സൈനിക സേവനം അവസാനിപ്പിച്ചു.
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാനിലെ 115 വയസ്സുള്ള മിസാവോ ഒക്കാവ എന്ന സ്ത്രീയാണ്. 1898 മാര്‍ച്ച് അഞ്ചിനാണ് ഇവര്‍ ജനിച്ചത്.