അമൃതാനന്ദമയി മഠത്തിന് 37 രാഷ്ട്രങ്ങളില്‍ നിന്ന് വിദേശ ഫണ്ട്

Posted on: April 28, 2014 10:42 am | Last updated: April 28, 2014 at 10:42 am

amrithananthamayiകൊല്ലം: അമൃതാനന്ദമയി മഠത്തിന് വിദേശ ഫണ്ട് ലഭിച്ചത് 37 രാഷ്ട്രങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. വിദേശ സംഭാവന സംബന്ധിച്ച് മഠം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച കണക്കുകളിലാണ് 37 രാജ്യങ്ങളില്‍ നിന്ന് വിദേശ ഫണ്ട് ലഭിച്ചതായി വ്യക്തമാക്കുന്നത്. ബെല്‍ജിയം, അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മഠത്തിലേക്ക് സംഭാവന കൂടുതലായി എത്തുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മഠത്തിന് അനുവദിച്ചിട്ടുള്ള 052930183 എന്ന രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ധനലക്ഷ്മി ബേങ്കിന്റെ കൊച്ചി ഷണ്മുഖം റോഡ് ശാഖയിലുള്ള 2.1.50091 അക്കൗണ്ടിലേക്ക് എത്തുന്ന ധനസഹായ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്.
37 വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമായി വിദേശ നാണ്യത്തില്‍ മഠത്തിന് സംഭാവന വന്നിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് ഇന്ത്യയില്‍ നിന്നു തന്നെ വിദേശനാണ്യത്തില്‍ സംഭാവനയും എത്തിയിട്ടുണ്ട്. 2012 -13 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ അക്കൗണ്ടിലേക്ക് വിദേശ സഹായമായി 70,22,98,293.06 രൂപ വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു തന്നെയാണ് ഈ അക്കൗണ്ടിലേക്ക് വിദേശ നാണ്യ രൂപത്തില്‍ ഏറ്റവുമധികം സഹായം വന്നിരിക്കുന്നത്. 21,96,62,137 രൂപയാണത്.
ബെല്‍ജിയം, അമേരിക്ക, ബ്രിട്ടന്‍, യു എ ഇ എന്നിവയാണ് കൂടുതല്‍ സംഭാവന വന്നിട്ടുള്ള മറ്റു പ്രധാന രാജ്യങ്ങള്‍. ബെല്‍ജിയത്തില്‍ നിന്ന് 8,31,33,483.20 രൂപയും അമേരിക്കയില്‍ നിന്ന് 6,29,92,699.76 രൂപയും ബ്രിട്ടനില്‍ നിന്ന് 5,94,88,796.95 രൂപയും യു എ ഇയില്‍ നിന്ന് 4,03,95,293 രൂപയുമാണ് സംഭാവനയായി ലഭിച്ചത്. ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ സ്വാസിലാന്‍ഡില്‍ നിന്ന് 3,74,91,230.72 രൂപ മഠത്തിലേക്കെത്തിയപ്പോള്‍ മലേഷ്യയില്‍ നിന്ന് 3,22,20,813.43 രൂപയും എത്തിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നും ഫ്രഞ്ച് കോളനിയായ റീയൂനിയന്‍ ഐലന്‍ഡില്‍ നിന്നും മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടിലേക്ക് പണമെത്തുന്നുണ്ട്. ജര്‍മനിയില്‍ നിന്ന് 3,45,59,910.16 രൂപയും റീയൂനിയന്‍ ഐലന്‍ഡില്‍ നിന്ന് 8,37,028.37 രൂപയുമാണ് മഠത്തിന് ലഭിച്ചിരിക്കുന്നത്. മഠത്തിന്റെ ധനലക്ഷ്മി ബേങ്ക് അക്കൗണ്ടിലേക്ക് ആകെ 838 അക്കൗണ്ടുകളില്‍ നിന്നാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. ഇതില്‍ 73 എണ്ണം അമൃതാനന്ദമയിയുടെ പേരിലുള്ള സംഘടനകളുടെ അക്കൗണ്ടാണ്.
അമേരിക്കയിലെ ആപി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, ബെല്‍ജിയത്തെ അമ്മ യൂറോപ്പ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ അമൃത വെറെയ്‌നിഗുംഗ് ഷ്വെയ്‌സ്, റിയൂനിയന്‍ ഐലന്‍ഡിലെ അമൃതാനന്ദമയി മാതാ ആശ്രമം, ഇറ്റലിയിലെ അമ്മ ഇറ്റാലിയ, ഓസ്ട്രിയയിലെ ഓസ്ട്രിയ വെറെയ്ന്‍ ഓസ്റ്റല്ലുങ്സ്റ്റര്‍, സ്‌പെയിനിലെ ഫണ്ടാസിയോണ്‍ ഫിലോകാലിയ അമിഗോസ് ദ അമ്മ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കെനിയ, ശ്രീലങ്ക, മൗറീഷ്യസ്, ഗ്രീസ്, ചൈന, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം മഠത്തിലേക്ക് സഹായം ഒഴുകിയിട്ടുണ്ട്.
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത സ്വാസിലാന്‍ഡില്‍ നിന്നും റിയൂണിയന്‍ ഐലന്‍ഡില്‍ നിന്നും വരെ മഠത്തിന് സംഭാവന വന്നിട്ടുണ്ടെന്നതാണ് കണക്കുകള്‍ പറയുന്നത്.
മഠം വിദേശത്തു നിന്നു സ്വീകരിച്ച സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി വരികയാണ്. ഫണ്ട് വിനിയോഗത്തെക്കുറിച്ച് വന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് ബെല്‍ജിയന്‍ എംബസിയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായത്.