രാഹുലിനെതിരായ പരാമര്‍ശം: ബാബാ രാംദേവ് മാപ്പ് പറഞ്ഞു

Posted on: April 26, 2014 8:15 pm | Last updated: April 28, 2014 at 11:31 am

baba ramdeveലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ ഹണിമൂണ്‍ പരാമര്‍ശത്തില്‍ ബാബാ രാംദേവ് മാപ്പ് പറഞ്ഞു. രാഹുലിനെയൊ ദളിതരെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എങ്കിലും തന്റെ പരാമര്‍ശം ദളിതര്‍ക്ക് വിഷമമുണ്ടാക്കുന്നതായെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബാബാ രാംദേവിനെതിരെ പോലീസ് ഇന്ന് കേസെടുത്തിരുന്നു.

വെള്ളിയാഴ്ച ലക്‌നൗവില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം ഇങ്ങനെയായിരുന്നു: ”ഹണിമൂണിനും പിക്‌നിക്കിനും വേണ്ടിയാണ് രാഹുല്‍ ദളിത് വീടുകള്‍ കയറിയിറങ്ങുന്നത്.രാഹുല്‍ ഒരു വിദേശിയെ വിവാഹം കഴിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാഹുലിന് ഇന്ത്യക്കാരെ വിവാഹം കഴിക്കാന്‍ താത്പര്യമില്ല. അതുകൊണ്ട് തന്നെ ആദ്യം പ്രധാനമന്ത്രിയായ ശേഷം ഒരു വിദേശിയെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്നാണ് മാതാവിന്റെ പക്ഷം”

പ്രസ്താവന പുറത്തുവന്നതോടെ വിവാദം കത്തി. രാംദേവിന്റെ പ്രസ്താവന ദളിത് വിരുദ്ധമാണെന്നും മാപ്പ് പറഞ്ഞ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ തന്റെ പ്രസ്താവന ദളിതരെ വിഷമിപ്പിക്കുന്നതാണെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് രാംദേവ് പറഞ്ഞിരുന്നു.