Connect with us

Malappuram

എം ഐ ഷാനവാസിന്റെ ഭൂരിപക്ഷം കുറയുമെന്ന് വിലയിരുത്തല്‍

Published

|

Last Updated

മലപ്പുറം: ഒന്നര ലക്ഷത്തിന് മേല്‍ വോട്ടുകള്‍ നേടി വിജയിച്ച വയനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന് ഇത്തവണ നാല്‍പ്പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് പ്രാദേശിക ഘടങ്ങളില്‍ നിന്നും മേല്‍ കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ വിജയമാണ് ഷാനവാസ് വയനാടില്‍ നേടിയത്. അന്ന് 153439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് ഇവിടെ വെന്നിക്കൊടി നാട്ടിയത്. എന്നാല്‍ ഇപ്രാവശ്യം അമ്പതിനായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. വയനാട് മണ്ഡലം യു ഡി എഫിന്റെ ഉറച്ച സീറ്റായാണ് വിലയിരുത്തല്‍. എന്നാല്‍ ഇതിനെല്ലാം പ്രതികൂല ഘടകമായത് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പാണെന്നാണ് സൂചന. നല്ല വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടും എം പിക്കെതിരെ അനാവശ്യമായ ജനരോക്ഷം ഇളക്കിവിട്ടതിന് പിന്നില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം.
ഷാനവാസ് എം പിയുടെ പല വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കപ്പെട്ടില്ലായെന്നതും ഗുരുതരമായ വീഴ്ച്ചയാണ്. മാത്രമല്ല എം പിയുടെ ചില പ്രവര്‍ത്തനങ്ങളുടെ ഗുണം ചില നേതാക്കള്‍ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തതായി ആരോപണങ്ങളുണ്ട്. പഞ്ചായത്ത് മെമ്പര്‍മാര്‍ പോലും അമ്പതിനായിരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചിലധികം ഫഌക്‌സുകള്‍ തൂക്കുന്ന നാട്ടില്‍ ഷാനവാസിന്റെ അമ്പതു ലക്ഷത്തിന്റെ എം പി ഫണ്ട് നല്‍കിയതിന് ഒരു ഫഌക്‌സ് പോലും ഉയര്‍ന്നിട്ടില്ല എന്നതും പരാതികള്‍ക്ക് കാരണമായി.
അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗണമില്ലാത്ത രൂപത്തിലാക്കുന്നതിന് കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചതായും പരാതിയുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇറക്കിയ ലഘു ലേഖകളും ചില ഫഌക്‌സ് ബോര്‍ഡുകളും അശാസ്ത്രീയമായി രൂപകല്‍പന ചെയ്തത് ഇതിന് തെളിവായാണ് ഷാനവാസിനോടു പ്രാമുഖ്യമുള്ള പ്രവര്‍ത്തകര്‍ പറയുന്നത്. പല തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും എം എല്‍ എമാര്‍ അവരുടെ വികസന നേട്ടങ്ങളും ചില ജന പ്രതിനിധികള്‍ ഇവര്‍ ചെയ്ത കാര്യങ്ങളും വിളിച്ച് പറയാന്‍ മാത്രം സമയം ഉപയോഗിച്ചതും സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണം നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയും മണ്ഡലത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഷാനവാസിന് മണ്ഡലത്തിലുണ്ടായ ഏറ്റവും അനുകൂലമായ ഘടകം എതിര്‍ സ്ഥാനാര്‍ഥികളുടെ ശക്തിക്കുറവ് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യ എതിരാളിയായ എല്‍ ഡി എഫിലെ സത്യന്‍ മൊകേരി പാര്‍ട്ടിയില്‍ വലിയ നേതാവാണെങ്കിലും നാട്ടുകാര്‍ക്ക് പരിചിതനല്ലായെന്നതും സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ മത്സരിക്കുന്നതിനാല്‍ സി പി എമ്മിന്റെ അകമഴിഞ്ഞ പിന്തുണ സത്യന്‍ മൊകേരിക്ക് ലഭിക്കാതെ പോയതും ഷാനവാസിന്റെ ആശ്വാസ ഘടകമാകുമെന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.

Latest