കാലിക്കറ്റ് വിദൂര വിദ്യാഭ്യാസം: ബി എ, ബി എസ് സി പരീക്ഷക്ക് ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്ന്

Posted on: April 26, 2014 8:14 am | Last updated: April 26, 2014 at 8:14 am

നരിക്കുനി: വെള്ളിയാഴ്ചയാരംഭിച്ച കലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബി എ/ബി എസ് സി മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് വിതരണം ചെയ്ത ചോദ്യപേപ്പറില്‍ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ വന്നത് പരീക്ഷാര്‍ഥികളെ കുഴക്കി.

ആദ്യമായി മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്ന (2012 അഡ്മിഷന്‍) എ 05 ലിറ്ററേച്ചര്‍ ഇന്‍ കണ്ടംബററി ഇഷ്യൂസ് പേപ്പറിനാണ് സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പരീക്ഷിച്ചത്. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ രണ്ട് ഭാഗമായാണ് ചോദ്യപേപ്പര്‍ നല്‍കുന്നത്.
ആദ്യ ഭാഗത്തില്‍ 20 ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതാനാണ് നിര്‍ദേശം. ഈ ചോദ്യങ്ങളെല്ലാം സിലബസില്‍ ഉള്‍പ്പെട്ട ചോദ്യങ്ങളാണ്. എന്നാല്‍ വിവരണാത്മക ചോദ്യങ്ങള്‍ ഉള്‍പ്പെട്ട രണ്ടാം ഭാഗത്തില്‍ ആകെ 27 വെയ്‌റ്റേജിനുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുക. ഈ ഭാഗത്ത് ഒരു വെയ്‌റ്റേജിനുള്ള ഏഴാമത്തെ ചോദ്യം മാത്രമാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബാക്കി ഒരു വെയ്‌റ്റേജ് ലഭിക്കുന്ന എട്ട് ചോദ്യങ്ങളും രണ്ട് വെയ്‌റ്റേജ് ലഭിക്കുന്ന 10 മുതല്‍ 16 വരെയുള്ള ചോദ്യങ്ങളും നാല് വെയ്‌റ്റേജ് ലഭിക്കുന്ന 17 മുതല്‍ 19 വരെയുള്ള ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നാണ് വന്നിരിക്കുന്നത്. ചോദ്യപേപ്പറുകള്‍ക്ക് മുകളില്‍ 2012 അഡ്മിഷന്‍ എന്ന് പ്രത്യേകം അച്ചടിച്ചിരുന്നെങ്കിലും പഴയ സിലബസിലെ ഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയതെന്ന വിദ്യാര്‍ഥികള്‍ പറയുന്നു.
സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ (2011 അഡ്മിഷന്‍) ചോദ്യപേപ്പറില്‍ പരാതികള്‍ ഉണ്ടായിരുന്നില്ല.
പല സെന്ററുകളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ യുനിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്കും വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ചുമതലയുള്ള ജോയന്റ് കണ്‍ട്രോളര്‍ക്കും പരാതി നല്‍കി.