വോട്ട് ചെയ്ത് സച്ചിന്റെ പിറന്നാള്‍ ആഘോഷം

    Posted on: April 25, 2014 12:28 am | Last updated: April 25, 2014 at 12:28 am

    24-1398323726-sachinമുംബൈ: കോണ്‍ഗ്രസ് രാജ്യസഭാ എം പിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിറന്നാള്‍ ആഘോഷിച്ചത് വോട്ട് രേഖപ്പെടുത്തിയ ശേഷം. 41 ാമത്തെ പിറന്നാളായിരുന്നു ഇന്നലെ സച്ചിന്. മുംബൈയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ‘ഞാന്‍ വോട്ട് ചെയ്തു. നിങ്ങള്‍ ചെയ്‌തോ? 41-ാം ജന്മദിനത്തില്‍ പൂര്‍ണമായ തുടക്കമാണ് ലഭിച്ചിരിക്കുന്നതെ’ന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.
    ജനാധിപത്യ രാജ്യത്ത് ഓരോ വോട്ടറും വോട്ട് രേഖപ്പെടുത്തണം. അതുകൊണ്ടാണ് താന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. എന്നാല്‍, ആര് സര്‍ക്കാറുണ്ടാക്കും എന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സച്ചിന്‍ വോട്ട് ചെയ്ത ശേഷം പറഞ്ഞു.
    ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഒപ്പമുള്ള സച്ചിന്‍, വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ദുബൈയില്‍ നിന്ന് മുംബൈയിലെത്തിയത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നത് പോലെ ആരാധകര്‍ വോട്ട് ചെയ്ത് വിലയേറിയ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് സച്ചിന്‍ പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
    കഴിഞ്ഞ നവംബറിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു സച്ചിന്റെ അവസാന ഇന്നിംഗ്‌സ്. മഹാരാഷ്ട്രയിലെ മൂന്നാമത്തേതും അവസാനത്തേതുമായ തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. ഏപ്രില്‍ പത്തിനും 17നുമായിരുന്നു ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ്.