മോദിയുടെ ഭാര്യ രാംദേവിന്റെ ആശ്രമത്തിലെന്ന് റിപ്പോര്‍ട്ട്‌

  Posted on: April 25, 2014 12:26 am | Last updated: April 25, 2014 at 12:26 am

  jashodaben-pti-360അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ ഭാര്യ ബാബാ രാംദേവിന്റെ ആശ്രമത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് മോദിയുടെ ഭാര്യ വാര്‍ത്തകളില്‍ നിറയുന്നത്. പത്രികയില്‍ ഭാര്യ യശോദാബെന്‍ എന്നാണ് മോദി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാധ്യമങ്ങള്‍ അവരെ തേടി അലയുകയാണ്. യശോദാ ബെന്നിന്റെ കുടുംബത്തിലേക്കും സഹോദരങ്ങളുടെ വീട്ടിലേക്കും മറ്റും ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരെ കണ്ടെത്താനായില്ല. ഇതോടെ യശോദാ ബെന്നിനെ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുകയും ചെയ്തു.
  യശോദാ ബെന്‍ തീര്‍ഥാടനത്തിലാണെന്നാണ് അവരുടെ കുടുംബം നല്‍കുന്ന വിശദീകരണം. എന്നാല്‍, ഈ തീര്‍ഥാടനം മോദിയും ബി ജെ പിയും ചേര്‍ന്ന് ഒരുക്കിയതയാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങളില്‍ നിന്ന് യശോദാ ബെന്നിനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
  തിരഞ്ഞെടുപ്പ് കഴിയും വരെ അവര്‍ ഋഷികേശിലുള്ള ബാബാ രാംദേവിന്റെ ഉടമസ്ഥതയില്‍ ആശ്രമത്തിലായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനയെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
  മോദിയുടെ സത്യവാങ്മൂലത്തിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഒരു സംഘം ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. ഏറെ നാളായി യശോദാബെന്‍ ആഗ്രഹിച്ചിരുന്ന ഋഷികേശ് തീര്‍ഥാടനത്തിന് അവസരം ഒരുങ്ങിയിട്ടുണ്ടെന്നും എത്രയും വേഗം പുറപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വാര്‍ത്ത. കഴിഞ്ഞ പതിമൂന്നിന് ഇവരെ അഹമ്മദാബാദില്‍ നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഔറംഗാബാദിലേക്കും അവിടെ നിന്ന് ആശ്രമത്തിലേക്കും കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെളുത്ത നിറത്തിലുള്ള വാഹനത്തിലാണ് സംഘം എത്തിയതെന്ന് ആശ്രമത്തിലെ ജീവനക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് യശോദാബെന്നിന്റെ സംരക്ഷണ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം, തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതാണെന്ന് യശോദാബെന്നിന് പോലും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്.
  തന്നോടൊപ്പമുള്ളവര്‍ തീര്‍ഥാടകരാണെന്ന വിശ്വാസത്തിലാണ് അവര്‍ ഇപ്പോഴും കഴിയുന്നത്. അതേസമയം, അവരുടെ കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും കരുതുന്നു. അവര്‍ പുതിയ പരിവേഷത്തില്‍ സന്തുഷ്ടരുമാണ്.