മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ചത് വിദ്യാഭ്യാസ നയങ്ങള്‍ ലംഘിച്ചെന്ന് കമ്മീഷന്‍

Posted on: April 25, 2014 12:54 am | Last updated: April 24, 2014 at 11:55 pm

കോഴിക്കോട്: മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ഇടിച്ചു നിരത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ തെളിവെടുത്തു. ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയമാണ് ഇന്നലെ രാവിലെ 11 മണി മുതല്‍ പന്ത്രണ്ടര വരെ തെളിവെടുപ്പ് നടത്തിയത്. മലാപ്പറമ്പ് സ്‌കൂള്‍ അനാദായകരമെന്നും റോഡ് വീതികൂട്ടലിന്റെ ഭാഗമാണെന്നും പറഞ്ഞ് ഇടിച്ചുനിരത്തിയത് എല്ലാ മാനദണ്ഡങ്ങളും വിദ്യാഭ്യാസ നയങ്ങളും ലംഘിച്ചാണെന്ന് കമ്മീഷന്‍ വിലയിരുത്തി.
മലാപ്പറമ്പ് സ്‌കൂളിന് അനാദായകരമെന്ന വാദമുയര്‍ത്തി മാനേജര്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് സമ്പാദിച്ചത് ചട്ടവിരുദ്ധമായാണെന്ന് അഡ്വ നസീര്‍ ചാലിയം പരിശോധനയില്‍ കണ്ടെത്തി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മാനേജര്‍ സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ച ഡി പി ഐ സ്‌കൂള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് സമ്പാദിച്ചാലും കെ ഇ ആര്‍ ചാപ്റ്റര്‍ 5 റൂട്ട് നമ്പര്‍ 1 റൂള്‍ പ്രകാരം ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വിശദമായ പരിശോധന നടത്താതെയോ റിപ്പോര്‍ട്ടിനെ മറികടന്നോ മേല്‍നടപടി സ്വീകരിക്കാന്‍ പാടില്ല. കോര്‍പറേഷന്റെ പക്കല്‍ നിന്ന് സമ്പാദിച്ച അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് വഴി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേടിയെടുത്ത സ്‌കൂള്‍ മാനേജര്‍ ഡി പി ഐയുടെ ഉത്തരവിനെയും മറികടന്നാണ് സ്‌കൂള്‍ ഇടിച്ചുനിരത്തിയതെന്ന് കമ്മിഷന്‍ വിലയിരുത്തി.
മലാപ്പറമ്പ് സ്‌കൂളിന് സമീപത്തമായി അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളുണ്ടെന്നും അതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടിയാലും അത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കില്ലെന്നുമാണ് മാനേജര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഡി ഡി ഇ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുമുള്ളത്. എന്നാല്‍ ഈ അഞ്ച് സ്‌കൂളുകളില്‍ നാലും അണ്‍ എയ്ഡഡ് സ്‌കൂളുകളാണെന്ന്് ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ നസീര്‍ ചാലിയം കണ്ടെത്തി. റോഡ് വീതി വര്‍ധിപ്പിക്കുന്നതിന്റെ കാരണം പറഞ്ഞുകൊണ്ടുള്ള നടപടിക്ക് നീതികരണമില്ല.
റോഡ് വീതി കൂട്ടിയാലും 35 സെന്റോളം സ്ഥലമുള്ള സ്‌കൂളിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കില്ല. അഥവാ കെട്ടിടത്തിന്റെ ഒരു ഭാഗം മാറ്റേണ്ടിവന്നാലും സ്‌കൂളിന്റെ തന്നെ സ്ഥലത്തേക്ക് അത് പുനഃസ്ഥാപിക്കാമെന്നും കമ്മീഷന്‍ വിലയിരുത്തി. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമീപത്തെ എ ഡബ്യു എച്ച് ഫ്രീ ബേര്‍ഡ്‌സ് ഹോസ്റ്റലില്‍ നിന്നുള്ളവരും ഓട്ടിസം, എം ആര്‍, ഐ ഇ ഡി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളും പഠിച്ചിരുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനാണ് കമ്മീഷന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് നസീര്‍ ചാലിയം അറിയിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എ ഇ ഒ, പ്രധാനാധ്യാപിക, അധ്യാപകര്‍, ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി എന്നിവരില്‍ നിന്നാണ് തെളിവെടുത്തത്.