Connect with us

International

ഉര്‍ദുഗാനെ വേദിയിലിരുത്തി ന്യായാധിപന്റെ വിമര്‍ശം

Published

|

Last Updated

അങ്കാറ: പ്രധാനമന്ത്രി റജബ് ത്വയ്യിപ് ഉര്‍ദുഗാനെതിരെ രൂക്ഷ വിമര്‍ശവുമായി തുര്‍ക്കി പരമോന്നത കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍. നീതിന്യായ വിഭാഗത്തെ അതിരു കവിഞ്ഞ് ആക്രമിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഭരണഘടനയുടെ 52ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഉര്‍ദുഗാനെ വേദിയിലിരുത്തി ന്യായാധിപന്‍ ഹാശിം കിലിക് പറഞ്ഞു. സാര്‍വലൗകിക നിയമ തത്വങ്ങള്‍ക്കും തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഭരണഘടനക്കും അനുസരിച്ചാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ സര്‍ക്കാറുകള്‍ അനാവശ്യമായി ഇടപെടരുത്- ഹാശിം ചൂണ്ടിക്കാട്ടി.
നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്തെ നീതിന്യായ വിഭാഗം മറ്റ് വിഭാഗങ്ങളുടെ ഉത്തരവിനും നിര്‍ദേശത്തിനും അനുസരിച്ചല്ല പ്രവര്‍ത്തിക്കുക. ആരോടെങ്കിലും ശത്രുതയോടെയോ മമതയോടെയോ നീതിന്യായ വിഭാഗത്തിന് പ്രവര്‍ത്തിക്കാനാകില്ല. കോടതികള്‍ രാഷ്ട്രീയ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശം ബാലിശമായ ഒന്നാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല വിധി പുറപ്പെടുവിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുന്നുവെങ്കില്‍ കോടതിയുടെ കുറ്റമല്ല-ഹിശാം തുറന്നടിച്ചു.
ഈയിടെ കോടതിക്ക് മുമ്പില്‍ വന്ന നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടിന് കടകവിരുദ്ധമായാണ് കോടതി വിധി പ്രസ്താവം നടത്തിയിരുന്നത്. ട്വിറ്റര്‍ കേസിലാണ് ഈ ഏറ്റുമുട്ടല്‍ വ്യക്തമായത്. ട്വിറ്റര്‍ നിരോധിക്കാനുള്ള ഉര്‍ദുഗാന്റെ തീരുമാനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കാണിച്ച് കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നീതിന്യായ വിഭാഗത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഉര്‍ദുഗാന്‍ സംസാരിച്ചത്. കോടതിയില്‍ നിറയെ രാഷ്ട്രീയ എതിരാളികളാണെന്നായിരുന്നു ഉര്‍ദുഗാന്റെ പ്രതികരണം.
പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ സുപ്രധാനമായ ശബ്ദരേഖ ട്വിറ്ററിലും യൂ ട്യൂബിലും പ്രചരിച്ചതോടെയാണ് നിരോധനവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ട്വിറ്ററിന് ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കാന്‍ ഈ മാസം മൂന്നിന് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് അംഗീകരിക്കില്ലെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായി. ഒടുവില്‍ ഉത്തരവ് നടപ്പാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയും ചെയ്തു. യൂ ട്യൂബിന്റെ നിരോധം പിന്‍വലിച്ചിട്ടില്ല.

Latest