Connect with us

Ongoing News

കോണ്‍ഗ്രസിനെയും ബി ജെ പിയെയും പിന്തുണക്കില്ല: ബുദ്ധദേവ്

Published

|

Last Updated

കൊല്‍ക്കത്ത: മോദി തരംഗം കോര്‍പറേറ്റുകളുടെ പ്രചാരവേലയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. രാജ്യത്ത് മോദി തരംഗമെന്നൊന്ന് നിലവിലില്ലെന്ന് മുന്‍ ബംഗാള്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൊല്‍ക്കത്ത പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. കോര്‍പറേറ്റുകളാണ് ഈ പ്രചാരവേലക്ക് പിന്നില്‍. കോര്‍പറേറ്റുകള്‍ പല മാധ്യമ സ്ഥാപനങ്ങളിലും പണം എത്തിച്ച് മോദി തരംഗമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്.
മോദി മോഡല്‍ വികസനം കോര്‍പറേറ്റ് മോഡല്‍ വികസനമാണ്. മോദിയെ അധികാരത്തിലെത്തിക്കാന്‍ ആര്‍ എസ് എസും കോര്‍പറേറ്റുകളും കൈകോര്‍ത്തിരിക്കുകയാണ്. നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒരുപോലെയാണ്. ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായ ഒരു മുന്നണി അധികാരത്തിലെത്തുമെന്നും ബുദ്ധദേവ് പറഞ്ഞു. ബംഗാളില്‍ എല്ലാ ജില്ലകളിലും താന്‍ പ്രചാരണത്തിന് പോയെന്നും അവിടെയൊന്നും മോദി തരംഗം കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ വര്‍ഗീയ കക്ഷികളെ പിന്തുണക്കില്ല. കൃത്യമായ രഷ്ട്രീയ ബോധമുള്ളവരാണ് ഇവിടുത്തുകാര്‍.
മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ മോദി പത്രിക സമര്‍പ്പിച്ചതും അതിന് ടെലിവിഷന്‍ ചാനലുകള്‍ കവറേജ് നല്‍കിയതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസും കോര്‍പറേറ്റുകളും രാജ്യത്ത് കൈകോര്‍ക്കുന്നത് വലിയ അപകടത്തിലേക്കാണ് രാജ്യത്തെ നയിക്കുക. ആര്‍ എസ് എസ് അപകടകരമായ സംഘടനയാണ്. ഇടതുപക്ഷം കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും തുല്യ അകലം പാലിക്കും.
കോണ്‍ഗ്രസിന് പിന്തുണ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞാല്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് നവ ലിബറല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ പിന്തുണക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിനെയും ബി ജെ പിയെയും ഒരുപോലെ എതിര്‍ക്കും. ഇരുവരുടെയും സാമ്പത്തിക നയങ്ങള്‍ ഒന്ന് തന്നെയാണ്. ഇരു കക്ഷികള്‍ക്കും ബദല്‍ ഉയര്‍ന്നു വന്നാല്‍ അവരെ പിന്തുണക്കും. മൂന്നാം മുന്നണിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചേര്‍ന്നാല്‍ സി പി എം ചേരുമോയെന്ന ചോദ്യത്തിന് ബി ജെ പിക്കൊപ്പമാണ് അവരെന്നാണ് ബുദ്ധദേവിന്റെ മറുപടി. മുന്‍കാല അനുഭവമൂലമാണ് അവര്‍ ബി ജെ പിയുമായി സഖ്യമുണ്ടെന്ന കാര്യം തുറന്നു പറയാത്തതിന് പിന്നിലെന്നും ബുദ്ധദേവ് പറഞ്ഞു.

Latest