Connect with us

Ongoing News

വാരാണസിയില്‍ പത്രിക 77; മല്‍സരരംഗത്ത് 44 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്നുവെന്ന് അറിയിച്ചതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ്. എതിരാളികളായി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസിന്റെ അജയ് റായിയും രംഗത്തെത്തിയതോടെ ഇവടെ മത്സരം കനക്കുമെന്നുറപ്പാണ്. പത്രിക നല്‍കിയവരുടെ എണ്ണം കൊണ്ടും വാരാണസി ശ്രദ്ധേയമാകുകയാണ്. ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സ്വതന്ത്രരും ഉള്‍പ്പെടെ 77 പേരാണ് വാരാണസിയില്‍ ഇത്തവണ പത്രിക നല്‍കിയത്. ഇതില്‍ 34 പേരുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. 44 പേരാണ് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും വാരാണസിയിലാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്തിയില്‍ 34 സ്ഥാനാര്‍ഥികളാണുള്ളത്.

വോട്ടിംഗ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പറുകള്‍ വാരാണസി മണ്ഡലത്തില്‍ ഉപയോഗിക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് 34 പത്രിക കമ്മീഷന്‍ തള്ളിയത്. നോട്ട ബട്ടണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഉള്‍ക്കൊള്ളാനാകുന്ന പരമാവധി എണ്ണം 64 ആണ്. 63 സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ മത്സരിക്കാനുണ്ടെങ്കില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്.
ബി ജെ പിക്കും കോണ്‍ഗ്രസിനും എ എ പിക്കും പുറമെ 38 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 39 സ്വതന്ത്രരുമാണ് വാരാണസിയില്‍ പത്രിക നല്‍കിയിരുന്നത്. കാട്ടുകള്ളന്‍ വീരപ്പന്റെ മരുമകനായ പി എന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പത്രികകളാണ് തള്ളിയത്. ഉസാമാ ബിന്‍ ലാദനോട് സാദൃശ്യമുള്ള, ബീഹാര്‍ ലാദന്‍ എന്നറിയപ്പെടുന്ന മീരജ് ഖാലിദ് നൂറിന്റെ പത്രികയും തള്ളിയിട്ടുണ്ട്.
വാരാണസിയില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 28നാണ്. അന്ന് ചിത്രം കൂടുതല്‍ വ്യക്തമാകും. അവസാന ഘട്ടമായ മെയ് പന്ത്രണ്ടിനാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ്. ഇതുവരെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് ചെന്നൈ സൗത്ത് മണ്ഡലത്തിലാണ്. 42 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടിയത്. 41 സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഹരിയാനയിലെ ഹിസാര്‍ ആണ് രണ്ടാം സ്ഥാനത്ത്.

---- facebook comment plugin here -----

Latest