80കാരനെ വീട്ടുവേലക്കാരന്‍ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

Posted on: April 25, 2014 7:58 pm | Last updated: April 25, 2014 at 7:58 pm

peedabanam2

ഫുജൈറ: പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത 80 കാരനായ വൃദ്ധനെ വീട്ടുവേലക്കാരന്‍ ക്രൂരമായി പീഡിപ്പിക്കുന്ന രംഗങ്ങള്‍ അടങ്ങിയ വീഡിയോ വന്‍ ഹിറ്റാകുന്നു. കുടുബാംഗങ്ങള്‍ വീട്ടിലില്ലാത്ത സമയങ്ങളിലാണ് ഏല്‍പിച്ചുപോയ ബംഗ്ലാദേശ് സ്വദേശി വീട്ടുവേലക്കാരന്‍ വൃദ്ധനെ മനുഷ്യത്വരഹിതമായി പീഡിപ്പിക്കുന്നത് രഹസ്യകാമറയില്‍ പതിഞ്ഞത്.

ഫുജൈറയിലെ ഒരു സ്വദേശി വീട്ടിലാണ് സംഭവം. വൃദ്ധന് ആണും പെണ്ണുമായി മക്കള്‍ കുറെയുണ്ടെങ്കിലും ജോലിയും മറ്റുമായി എല്ലാവരും പലപ്പോഴും പുറത്തായിരിക്കും. പിതാവിന് ഭക്ഷണമുണ്ടാക്കിക്കൊടുക്കാനും ആവശ്യമായ മറ്റു പരിചരണങ്ങള്‍ക്കുമായാണ് ബംഗ്ലാദേശുകാരനായ യുവാവിനെ വീട്ടില്‍ ജോലിക്കുനിര്‍ത്തിയത്.
മക്കള്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ പലപ്പോഴും വേലക്കാരന്‍ ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് പിതാവ് പരാതിപ്പെടും. പക്ഷെ, അതെല്ലാം വാര്‍ധക്യം ചെന്ന പിതാവിന്റെ കേവല സ്വാഭാവിക പതിരുവാക്കുകളായേ മക്കള്‍ കണ്ടുള്ളു. പരാതി നിരന്തരം ആവര്‍ത്തിച്ചപ്പോള്‍ കാര്യത്തിന്റെ നിജസ്ഥിതി കണ്ടുപിടിക്കാന്‍ തീരുമാനിച്ച മക്കള്‍ വേലക്കാരനറിയാതെ പിതാവിനെ കിടത്തിയ മുറിയില്‍ കാമറ സ്ഥാപിച്ചു.
ഈ രഹസ്യകാമറയിലാണ് വേലക്കാരന്റെ കണ്ണില്‍ചോരയില്ലാത്ത ക്രൂരകൃത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പതിഞ്ഞത്. പിതാവിന്റെ കയ്യിലുള്ള ഊന്നു വടിയെടുത്ത് ശരീരത്തിന്റെ പലഭാഗങ്ങളിലും മാറി മാറി അടിക്കുന്ന രംഗം, ദയക്കായി യാചിക്കുന്ന നിസ്സഹായനായ വൃദ്ധന്റെ ദൈന്യതയും ഏതൊരാളെയും കണ്ണ് നനയിക്കുന്നതാണ്.
പിതാവിനെന്ന പേരില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പേരിന് മാത്രം വൃദ്ധനു നല്‍കി ബാക്കി മുഴുവനും ഇയാളുടെ മുമ്പില്‍വെച്ച് തിന്നുതീര്‍ക്കുന്നതും വിശപ്പുമാറാതെ ദൈന്യതയോടെ വേലക്കാരനെ നോക്കിയിരിക്കുന്ന വൃദ്ധനും, വേലക്കാരന്‍ ഇയാള്‍ക്കേല്‍പിച്ച ഗുരുതരമായ മാനസിക പീഡനത്തിന്റെ കൂടി നേര്‍രേഖയാണ്.
കാമറയില്‍ പതിഞ്ഞ വീഡിയോ രംഗങ്ങളുടെ അടിസ്ഥാനത്തില്‍ മക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. വേലക്കാരനെ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.